https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
ഇന്ത്യയിലെ ഗുരുഗ്രാമിൽ അനധികൃതമായി പ്രവർത്തിച്ച കോൾ സെന്റർ നടത്തിപ്പുകാരെ അറസ്റ്റ് ചെയ്ത് ഹരിയാന പോലീസ്. യുഎസ്, കാനഡ പൗരന്മാർ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെയും കബളിപ്പിച്ച് കോടികണക്കിന് രൂപയാണ് ഈ സംഘം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. 10 സ്ത്രീകളും ഉടമയും ഉൾപ്പെടെ 24 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഗുരുഗ്രാമിൽ വീട് വാടകക്ക് എടുത്ത് പ്രവർത്തിച്ചുവരികയായിരുന്നു ഈ വ്യാജ സംഘം, സാങ്കേതിക പിന്തുണയുടെ പേരിൽ യുഎസ്, കനേഡിയൻ പൗരന്മാരെ വഞ്ചിക്കുകയും ഗിഫ്റ്റ് കാർഡ് വഴി സേവന ചാർജായി 500 മുതൽ 1,000 ഡോളർ വരെ ഈടാക്കുകയും ചെയ്തിരുന്നു. കൂടാതെ കാനഡ ബോർഡർ സർവീസ് ഏജന്റ്, ഫിനാൻഷ്യൽ ക്രൈം യൂണിറ്റ് ബ്യൂറോ ഓഫ് നാർക്കോട്ടിക്‌സ്, കനേഡിയൻ ഇന്റലിജൻസ് സർവീസ് എന്നിവയുടെ ഉദ്യോഗസ്ഥർ എന്ന വ്യാജേന കോൾ സെന്ററിലെ ജീവനക്കാർ ഇരകളെ വിളിച്ച് മയക്കുമരുന്ന് കടത്തും കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും പങ്കുണ്ടെന്ന് ആരോപിച്ച് അവരിൽ നിന്ന് പണം ഈടാക്കുന്ന രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനം.
സംഭവസ്ഥലത്ത് നിന്ന് 250,000 രൂപയും, നിരവധി കംപ്യൂട്ടറുകളും, മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. സിഎം ഫ്‌ളൈയിംഗ് വിംഗിലെ ഡിഎസ്പി ഇന്ദർജീത് സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സൈബർ ക്രൈം പോലീസ്, എസിപി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യവിവരത്തെത്തുടർന്ന് കോൾ സെന്ററിൽ റെയ്ഡ് നടത്തിയത്.
നേരത്തെ ഡൽഹി ആസ്ഥാനമായുള്ള ഒരു കോൾ സെന്ററിൽ സൂപ്പർവൈസറായി രണ്ട് വർഷം ജോലി ചെയ്തിട്ടുണ്ടെന്നും പെട്ടെന്ന് പണം സമ്പാദിക്കാനാണ് കോൾ സെന്റർ ആരംഭിച്ചതെന്നും ആരോപണ വിധേയനായ ഉടമ വെളിപ്പെടുത്തി. യുഎസ് ആസ്ഥാനമായുള്ള ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സൂപ്പർവൈസറുമായി താൻ ബന്ധപ്പെട്ടിരുന്നതായും, അവർ യുഎസ്, കാനഡ പൗരന്മാരുടെ ലിസ്റ്റ് നൽകുകയും 25 മുതൽ 37 ഡോളർ വരെ കമ്മീഷൻ ആയി നൽകിയിരുന്നതായും പ്രതികൾ പറഞ്ഞു.
ഐടി ആക്ട് ഉൾപ്പെടെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും, കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും ഡിഎസ്പി ഇന്ദർജീത് സിംഗ് യാദവ് പറഞ്ഞു.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന