https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) കലാശപ്പോരാട്ടത്തിൽ പൊരുതി തോറ്റപ്പോഴും, ബ്ലാസ്റ്റേഴ്സിനോടുള്ള ആദര സൂചകമായി കാനഡയിൽ വമ്പൻ ആഘോഷ പരിപാടികളാണ് ആരാധകർ സംഘടിപ്പിച്ചത്. ആഘോഷ പരിപാടികളിൽ ആറാടുകയാണ് കാനഡയിലെ മഞ്ഞപ്പടയുടെ ആരാധകർ. നയാഗ്രയിലെ ഒരു പറ്റം മലയാളി യുവാക്കളുടെ കൂട്ടായ്മയായ മാസ്സ് നയാഗ്രയുടെ നേതൃത്വത്തിൽ കേരള ബ്ലാസ്‌റ്റേഴസിനോടുള്ള സ്നേഹസമ്മാനമായി ലോകത്തിലെ മഹാത്ഭുതങ്ങളിൽ ഒന്നായ നയാഗ്ര വെള്ളച്ചാട്ടം മഞ്ഞനിറത്തിൽ പ്രകാശിപ്പിച്ചു. ആറു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തിയത്.
കേരള ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹവും പിന്തുണയും പ്രകടിപ്പിക്കുന്നതിനായി “സിറ്റി ഓഫ് നയാഗ്ര ഫാൽസുമായി ” സഹകരിച്ച് “മാസ്സ് നയാഗ്ര” മാർച്ച് ഇരുപതാം തിയതി രാത്രി 9 മണി മുതൽ 9.15 വരെ (കനേഡിയൻ സമയം) മഞ്ഞ നിറത്തിൽ നയാഗ്ര വാട്ടർ ഫാൾസ് പ്രകാശിപ്പിച്ചു. കാനഡയിലെ നൂറു കണക്കിന് മലയാളി ആരാധകരാണ് ഇത് കാണാൻ നയാഗ്രയിൽ എത്തിച്ചേർന്നത്.
“മാസ്സ് നയാഗ്ര”യുടെ സംഘാടകർക്ക് നന്ദിയർപ്പിച്ചാണ് കാനഡയിലുള്ള മഞ്ഞപ്പടയുടെ ആരാധകർ മടങ്ങിയത്. ഫൈനലിൽ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സി യോട് പെനാലിറ്റി ഷൂട്ട്ഔട്ടിൽ പരാജയപ്പെട്ടെങ്കിലും മുഴുവൻ മലയാളികളെയും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുകയും, കൊമ്പനോടിടയാൻ കൊള്ളില്ല എന്ന് എതിർ ടീമുകൾക്ക് കാണിച്ചുകൊടുത്ത അത്യുഗ്ര പ്രകടനമാണ് സീസണിൽ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്.
രണ്ടായിരത്തി ഇരുപതിൽ ഒരുകൂട്ടം മലയാളി യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച കൂട്ടായിമയാണ് “മാസ്സ് നയാഗ്ര”. അഞ്ഞൂറിലധികം മലയാളി കുടുംബങ്ങളാണ് സംഘടനിയിലുള്ളത്. മാസ്സ് നയാഗ്രയുടെ നേതൃത്വത്തിൽ നയാഗ്ര ഫാൾസ് ബാഡ്മിന്റൺ & ടെന്നീസ് ക്ലബ്- ഹാളിൽ ഐ എസ് എൽ 2022 ഫൈനൽസ് ലൈവ് സ്ട്രീമിംഗും സംഘടിപ്പിച്ചിരുന്നു. മഞ്ഞപ്പടയുടെ നിരവധി ആരാധകരാണ് മത്സരം കാണാൻ എത്തിയത്.
നയാഗ്ര മേയർ ജിം ദിയോദത്തി മഞ്ഞയിൽ തിളങ്ങിയ നയാഗ്ര വാട്ടർ ഫാൾസിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. കേരള ബ്ലാസ്‌റ്റേഴസിനോടുള്ള നിരുപാധികമായ സ്നേഹത്തിനും കരുതലിനും “മാസ്സ് നയാഗ്ര” നേതൃത്വത്തോട് ഒള്ള സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കില്ല എന്നാണ് ഒരു മലയാളി ആരാധകൻ പറഞ്ഞത്.
ഫെബ്രുവരിയിൽ “മാസ്സ് നയാഗ്ര” യുടെ പുതിയ (2022 – 2023) ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നു. ബിബിൻ ടി ചെറിയാൻ ഡിറക്ടറും വിവേക് വർക്കിയും ജോബിൻ വർഗീസും കോ-ഡിറക്ടറും ആയി തെരഞ്ഞെടുത്തു. മാത്യു തോമസ് പ്രസിഡന്റും റിജോ ജോസ് വൈസ് പ്രസിഡന്റും ശ്രീജിത്ത് രാജേന്ദ്രനെ സെക്രട്ടറിയായും തെരഞ്ഞെടുത്തിരുന്നു.
ഏപ്രിൽ മാസം “മാസ്സ് നയാഗ്ര”യുടെ നേതൃത്വത്തിൽ മാസ് നയാഗ്ര ബാഡ്മിന്റൺ ലീഗ് (MBL 2022) സംഘടിപ്പിച്ചിട്ടുണ്ട്. 2022 ഏപ്രിൽ 2, 3 (ശനി, ഞായർ) ദിവസങ്ങളിൽ നയാഗ്ര ഫാൾസ് ബാഡ്മിന്റൺ & ടെന്നീസ് ക്ലബ്-ൽ(5300 വിൽമോട്ട് സെന്റ്. നയാഗ്ര ഫാൾസ്) വെച്ചാണ് ബാഡ്മിന്റൺ ലീഗ് നടക്കുന്നത്. റെജിസ്ട്രേഷൻ ആരംഭിച്ചതായിയും കൂടുതൽ വിവരങ്ങൾക്ക് +1 (289 ) 690-2020 നമ്പറിലോ, വെബ്സൈറ്റ്: www.massniagara.com , ഇമെയിൽ: [email protected] വഴിയോ ബന്ധപ്പെടുക.
More Stories
ടോക്കിയോ ഒളിമ്പിക്സിൽ കാനഡക്ക് ആദ്യ സ്വർണ്ണം
ലോക കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും
കാനഡയിൽ മലയാളിയായ ആരോൺ ജോസഫിന്റെ മരണത്തിൽ അസ്വഭാവികത