November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

എട്ടാഴ്ച്ചക്ക് ശേഷം ആസ്ട്രാസെനെക്ക രണ്ടാം ഡോസ് സ്വീകരിക്കാം: ഒന്റാറിയോ സർക്കാർ

ഒന്റാറിയോ : ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ ആദ്യ ഡോസ് ലഭിച്ച ഒന്റേറിയക്കാർക്ക് എട്ട് ആഴ്ചകൾക്ക് ശേഷം രണ്ടാമത്തെ ഡോസും ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ഇതിൽ വ്യക്തത വരുത്തിയത്. മറ്റെല്ലാ വാക്സിനുകളുടെയും ഇടവേള കുറച്ചെങ്കിലും, ആസ്ട്ര സെനേക്ക രണ്ടാമത്തെ ഷോട്ട് ലഭിക്കുന്നതിന് 12 ആഴ്ച കാത്തിരിക്കണമെന്ന്  സർക്കാർ മുമ്പ് അറിയിച്ചിരുന്നു.

ആരോഗ്യ ചീഫ് മെഡിക്കൽ ഓഫീസറുമായും ഒന്റാറിയോ സയൻസ് അഡ്വൈസറി ബോർഡ് ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യ വിദഗ്ധരുമായും കൂടിയാലോചിച്ചാണ് ഈ മാറ്റം വരുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജൂൺ 14 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ അസ്ട്രസെനെക്ക ആദ്യ ഡോസ് സ്വീകരിച്ചവർക്ക്  അവരുടെ രണ്ടാമത്തെ ഡോസിനായി ബുക്ക് ചെയ്യാം. അസ്ട്രസെനെക്കയുടെ തന്നെ രണ്ടാം ഡോസ് സ്വീകരിക്കാൻ  ആഗ്രഹിക്കുന്നവർ ആദ്യം വാക്‌സിൻ ലഭിച്ച സ്ഥലത്തുതന്നെ രണ്ടാമത്തെ ഡോസും ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.

ഒന്നിലധികം പഠനങ്ങളിൽ നിന്നുള്ള തെളിവുകൾ സൂചിപ്പിക്കുന്നത്  8 മുതൽ 12 ആഴ്ച വരെയുള്ള ഇടവേളകളിൽ കോവിഡ്-19 രണ്ടാമത്തെ  വാക്‌സിൻ സ്വീകരിക്കുന്നത്  സുരക്ഷിതവും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. 12 ആഴ്ചത്തെ ഡോസ് ഇടവേള കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ വിദഗ്ധരുടെയും പ്രാദേശിക രാഷ്ട്രീയക്കാരുടെയും ആഹ്വാനത്തെ തുടർന്നാണ് ഈ മാറ്റം വരുത്തിയത്.

About The Author

error: Content is protected !!