Read more at: https://www.mathrubhumi.com/sports/specials/ipl-2020/live-blog/ipl-2020-chennai-super-kings-take-on-kolkata-knight-riders-1.5166559
ദുബായ്: ഐ.പി.എല്ലില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ചെന്നൈ മറികടന്നു.
അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെ കമലേഷ് നാഗര്‍കോട്ടിയുടെ അഞ്ചാമത്തെയും ആറാമത്തെയും പന്ത് സിക്സറിന് പറത്തിയ രവീന്ദ്ര ജഡേജയാണ് ചെന്നൈക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. തോല്‍വിയോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. 11 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 31 റണ്‍സെടുത്ത ജഡേജ പുറത്താകാതെ നിന്നു.
അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈ നിരയിലെ ടോപ് സ്കോറര്‍. 53 പന്തില്‍ നിന്ന് രണ്ടു സിക്സും ആറു ഫോറുമടക്കം 72 റണ്‍സെടുത്ത താരം 18-ാം ഓവറിലാണ് പുറത്തായത്.
173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ഷെയ്ന് വാട്ട്സണ് – റുതുരാജ് സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. 7.3 ഓവറില്‍ 50 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 19 പന്തില്‍ 14 റണ്‍സെടുത്ത വാട്ട്സണെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കുകയായിരുന്നു.
പിന്നീട് രണ്ടാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് റുതുരാജ് 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തില്‍ ഒരു സിക്സും അഞ്ചു ഫോറുമടക്കം 38 റണ്‍സെടുത്ത റായുഡു 14-ാം ഓവറില്‍ പുറത്തായതോടെയാണ് ചെന്നൈയുടെ സ്കോറിങ് റേറ്റ് താഴ്ന്നത്.
തുടര്‍ന്ന് ക്രീസിലെത്തിയ ധോനിക്ക് നാലു പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. സാം കറന് 14 പന്തില്‍ നിന്ന് 13 റണ്‍സുമായി പുറത്താകാതെ നിന്നു.
കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ നിതീഷ് റാണയുടെ ഇന്നിങ്സാണ് കൊല്‍ക്കത്തയെ മികച്ച സ്കോറിലെത്തിച്ചത്. 61 പന്തുകള്‍ നേരിട്ട റാണ നാലു സിക്സും 10 ഫോറുമടക്കം 87 റണ്‍സെടുത്തു.
മികച്ച തുടക്കമായിരുന്നു കൊല്‍ക്കത്തയുടേത്. 7.2 ഓവറില്‍ 53 റണ്‍സ് ചേര്‍ത്ത ശേഷമാണ് ശുഭ്മാന്‍ ഗില്‍ – റാണ ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 17 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഗില്ലിനെ പുറത്താക്കി കരണ്‍ ശര്‍മയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെയെത്തിയ സുനില്‍ നരെയ്ന് (7), റിങ്കു സിങ് (11), ഓയിന്‍ മോര്ഗന് (15) എന്നിവര്‍ക്കും കൊല്‍ക്കത്ത സ്കോറിലേക്ക് കാര്യമായ സംഭാവനകള്‍ നല്കാന് സാധിച്ചില്ല.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദിനേഷ് കാര്‍ത്തിക്കാണ് കൊല്‍ക്കത്തയെ 172-ല്‍ എത്തിച്ചത്. 10 പന്തുകള്‍ നേരിട്ട കാര്‍ത്തിക്ക് 21 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
More Stories
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു ; ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി ഇന്ത്യ
കാനഡയിൽ വിദ്വേഷ ആക്രമണങ്ങൾ കൂടുന്നു, ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം