https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായിയെത്തുന്ന ‘ന്നാ താൻ കേസ് കൊട്’ കാനഡയിൽ റിലീസിന്. ഓഗസ്റ്റ് 11 നാണ് ചിത്രം തിയറ്ററിലെത്തുന്നത്. മലയാളികളെല്ലാം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ മേക്കോവറിലാണ് കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് ചിത്രം കാനഡയിൽ പ്രദർശനത്തിനെത്തിക്കുന്നത്. കാനഡയിൽ വൈഡ് റിലീസ് ആയിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നതും.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ റീ-ലോഡഡ് വേർഷൻ ‘ദേവദൂതർ പാടി…’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു. ഉത്സവപ്പറമ്പിലെ വെള്ളമടിച്ച് ഡാൻസ് കളിക്കുന്ന വ്യക്തിയെ ഒറിജിനലിനെ വെല്ലുന്ന രീതിയിൽ അതിമനോഹരമായാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്. ‘കാതോട് കാതോരം’ സിനിമയ്ക്ക് വേണ്ടി ഔസേപ്പച്ചൻ ചിട്ടപ്പെടുത്തിയ ഗാനം 37 വർഷങ്ങൾക്കിപ്പുറം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
നിയമ പ്രശ്നങ്ങൾ ചുറ്റിപ്പറ്റി കോടതിയിൽ ഒരു കള്ളനും മന്ത്രിയും തമ്മിൽ നടക്കുന്ന കോടതി വിചാരണയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, ചാക്കോച്ചന്റെ വ്യത്യസ്തമായ ഗെറ്റപ്പും കണ്ണൂർ സ്ലാങ്ങിലുള്ള സംസാരവുമാണ്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.
ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണിത്. ബേസിൽ ജോസഫ്, ഉണ്ണിമായ, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, സൈജു കുറുപ്പ്, രാജേഷ് മാധവൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ഡോൺ വിൻസെന്റും, എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ നിർമ്മാതാവ് സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ