November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡ: തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയില്ല എന്നാലും വന്നേക്കണേ; വിജയകരമായി പ്രദർശനം തുടരുന്നു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ആക്ഷേപഹാസ്യ ശൈലിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഒരേസമയം പ്രേക്ഷകനെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് കാനഡയിൽ ചിത്രം പ്രദർശനത്തിനെത്തിച്ചത്.

കേരളത്തിൽ റിലീസിന് നൽകിയ സിനിമയുടെ പരസ്യം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ‘തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്നതായിരുന്നു ചിത്രത്തിന്റെ പരസ്യവാചകം. സംസ്ഥാന, ദേശീയ പാതകളിലെ റോഡുകളിലെ കുഴി ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ ഈ പരസ്യവാചകം സർക്കാരിനെതിരാണെന്നും അതിനാൽ സിനിമ ബഹിഷ്‌കരിക്കാൻ സൈബറിടങ്ങളിൽ ആഹ്വാനവുമുണ്ടായിരുന്നു. വിവാദങ്ങളെയും, ബഹിഷ്‌കരണാഹ്വാനങ്ങളെയും മറികടന്ന് വിജയകരമായി പ്രദർശനം തുടരുകയും ബോക്‌സ് ഓഫീസിൽ 30 കോടിയിലധികം നേടുകയും ചെയ്‌തു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി ഈ ചിത്രം മാറിയിരിക്കുകയാണ്.

ഇന്ന് സമൂഹം നേരിടുന്ന പ്രശ്നങ്ങളെ വളരെ രസകരമായി അവതരിപ്പിച്ച് എല്ലാ പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന ഒരു ഗംഭീര ദൃശ്യാവിഷ്കാരമാണ് ‘ന്നാ താൻ കേസ് കൊട്’. സാഹചര്യങ്ങൾക്ക് അനുസൃതമായ തമാശകളും നർമ്മമുഹൂർത്തങ്ങളുമൊക്കെ ധാരാളമുണ്ട് ചിത്രത്തിൽ. ഒരാളെ പട്ടി കടിച്ചതിൽ നിന്നും തുടങ്ങുന്ന കഥ പിന്നീട് നിയമ പ്രശ്നങ്ങൾ ചുറ്റിപ്പറ്റി കോടതിയിൽ ഒരു കള്ളനും മന്ത്രിയും തമ്മിൽ നടക്കുന്ന കോടതി വിചാരണയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോടതിയാണ് ചിത്രത്തിൽ ഭൂരിഭാഗത്തും പശ്ചാത്തലമാകുന്നത്. എങ്കിലും പ്രേക്ഷകനെ മുഷിപ്പിക്കാതെ ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള സന്ദർഭങ്ങൾ അവിടെ സൃഷ്ടിച്ചെടുക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണിമായ, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, സൈജു കുറുപ്പ്, രാജേഷ് മാധവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ഡോൺ വിൻസെന്റും, എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ നിർമ്മാതാവ് സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.

About The Author

error: Content is protected !!