https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
കടുവ’ യുടെ വിജയത്തിന് ശേഷം ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ റിലീസായ ‘കാപ്പ’ മലയാളി സിനിമ പ്രേമികർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കാനഡയിൽ ഫാൻ ഷോ കഴിഞ്ഞപ്പോൾ മുതൽ എങ്ങും മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണയായി കാണപ്പെടുന്ന ഷാജി കൈലാസിന്റെ ടിപ്പിക്കൽ മാസ് സിനിമ മാത്രമല്ല ‘കാപ്പ’ വ്യത്യസ്തമായ ക്ലാസ് മേക്കിങ് തന്നെയാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നുവെന്ന് പ്രേക്ഷകർ എടുത്തുപറയുന്നു.
കാനഡയിൽ ഫാൻ ഷോ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതുപോലെ ചിത്രത്തിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം കാനഡയിൽ ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. കാനഡയിൽ ക്രിസ്തുമസ് റിലീസ് ആയി വരുന്ന ചിത്രത്തിന് വമ്പൻ തിയേറ്റർ റിലീസാണ് ടു കേരള എന്റർടൈൻമെന്റ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഒന്റാറിയോ, നോവ സ്കോഷ്യ, ന്യൂ ബ്രൂൺസ്വിക്, ആൽബെർട്ട, മാനിട്ടോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളിലെ നിരവധി തീയേറ്ററുകളിലാണ് ചിത്രം ഡിസംബർ 22-ന് റിലീസ് ചെയുന്നത്.
പൃഥ്വിരാജ്, ആസിഫ് അലി, ദിലീഷ് പോത്തൻ, അപർണ ബാലമുരളി, അന്നാ ബെൻ എന്നിവരുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നതെന്ന് ഫാൻ ഷോയ്ക്ക് ശേഷം പ്രേക്ഷകർ പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിൻറെ കഥ പറയുന്ന, ജി ആർ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘കാപ്പ’. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
തലമുറകൾ എത്ര കടന്നുപോയാലും പകയൊടുങ്ങാത്ത, ചോരയുടെ മണമുള്ള ഗ്യാങ് വാറുകളുടെ കഥകൂടിയാണ് ‘കാപ്പ’. പി എൻ മധു കുമാർ എന്ന കൊട്ട മധുവാണ് കാപ്പയിലെ കേന്ദ്ര കഥാപാത്രം. തിരുവനന്തപുരത്ത് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി മുന്നോട്ട് പോകുന്ന ചിത്രത്തിൽ ആനന്ദ് എന്ന, ടെക്കിയായ യുവാവ് കൊട്ട മധുവിനെ കാണാൻ വരുന്നു. കാപ്പ ലിസ്റ്റിൽ തൻറെ ഭാര്യയുടെ പേരുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം പിന്തുടർന്നാണ് അയാൾ കൊട്ട മധുവിന് അടുത്തെത്തുന്നത്. എന്താണ് ആനന്ദിന്റെ വരവിന്റെ ലക്ഷ്യം? അയാൾക്കു പിറകിൽ ആരെങ്കിലുമുണ്ടോ? എന്ന സംശയദൃഷ്ടിയോടെയാണ് മധുവും അനുയായികളും അയാളെ നോക്കി കാണുന്നു. പകരത്തിനു പകരം ചോദിക്കുന്ന ഗുണ്ടാസംഘങ്ങളെയും അവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ഭീകരതയുമാണ് ചിത്രത്തിൽ വരച്ചുകാണിക്കുന്നത്. ഇതിൽ കൊട്ട മധുവിനെ പൃഥ്വിരാജും ആനന്ദിനെ ആസിഫ് അലിയും ബിനു ത്രിവിക്രമനെ അന്ന ബെന്നും മധുവിന്റെ വലംകയ്യായ ജബ്ബാറിനെ ജഗദീഷും അവതരിപ്പിക്കുന്നു.
സരിഗമയും തിയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. കൂടാതെ ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിർമ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം, ജസ്റ്റിൻ വർഗീസ് സംഗീതവും നിർവഹിച്ചിരിക്കുന്നു.
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ