November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ വ്യാജ ജോലി വാഗ്ദ്ധാനം ചെയ്ത് മലയാളിയെ പറ്റിച്ചതായി പരാതി

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

ഒരു ജോലി എന്നത് ഏതൊരു മനുഷ്യന്റെയും സ്വപനമാണ്. സ്വപനത്തിലേക്കുള്ള ചിറകേകാൻ നമ്മൾ മലയാളികൾ ജീവിതത്തിന്റെ ഏതറ്റം വരെയും പോകും. എന്നാൽ ജോലി ഇനി വിദേശ രാജ്യത്ത് ലഭിക്കുമെന്ന് കേട്ടാൽ സന്തോഷിക്കാത്തവരായി ആരും തന്നെ ഇല്ല. കാരണം കുടുംബത്തിന്റെ പട്ടിണി, സാമ്പത്തിക സ്ഥിതി, നാട്ടുകാരുടെ പരിഹാസ ചോദ്യങ്ങൾ എന്നിവ ഓർക്കുമ്പോൾ എങ്ങനെയെങ്കിലും ആ ജോലി തരപ്പെടുത്തിയെടുക്കാൻ നമ്മൾ ആവുന്നതും പരിശ്രമിക്കും. ഇതിലൂടെ മുതലെടുക്കുവാൻ വ്യാജ ഫേസ്ബുക്ക് ഐഡികൾ ഉപയോഗിച്ചും, ഓൺലൈൻ സൈറ്റുകൾ വഴിയും വ്യാജന്മാർ നമ്മെ വലവീശി പിടിക്കും. മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ തുടങ്ങി പല ഭീമൻ കമ്പനികളുടെ പേരിൽ വ്യാജ ജോലി വാഗ്ദ്ധാനം ചെയ്ത് പണം തട്ടിയെടുക്കുന്നത് പതിവ് വാർത്തയായിരിക്കുകയാണ്. ഇതിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരാണ് തട്ടിപ്പിനിരയാകുന്നതും.

മലയാളികളുടെ സ്വപന രാജ്യങ്ങളിൽ ഒന്നായ കാനഡയിൽ ജോലിയുടെ പേരിൽ തട്ടിപ്പ് നടക്കുന്നത് ഇപ്പോൾ സർവസാധാരണമായി മാറിയിരിക്കുകയാണ്. ബിവറേജസ് കമ്പനി ഭീമൻ കൊക്കകോള കാനഡയിൽ ജോലി വാഗ്ദ്ധാനം ചെയ്ത് വ്യാജ ഫേസ്ബുക്ക് പരസ്യംവഴി കേരളത്തിലെ തൊഴിലന്വേഷകരിൽ നിന്നും പണം തട്ടിയെടുക്കുന്നതായി ഇപ്പോൾ പരാതി ഉയർന്നിട്ടുണ്ട്. കൊക്കകോള കാനഡ ഡ്രൈവർ തസ്തികയിൽ ഒഴിവുകളുണ്ടെന്നും റെജിസ്ട്രേഷൻ, വിസ, ടിക്കറ്റ് ഫ്രീ ആണെന്നും അവകാശപ്പെട്ടാണ് വ്യാജ ഫേസ്ബുക്ക് പേജിൽ ജോലി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് വിശ്വസിച്ച് തിരുവനന്തപുരം സ്വദേശി ഫേസ്ബുക് പേജിലേക്ക് മെസ്സേജ് ചെയുകയും തുടർന്ന് കമ്പനി ഉദ്യോഗസ്ഥൻ ആണെന്ന് വിശ്വസിപ്പിച്ച് കുറെ ഫോമുകൾ നൽകുകയും ഇത് പൂരിപ്പിച്ച് അയക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. നിർദ്ദേശ പ്രകാരം തിരുവനന്തപുരം സ്വദേശി ഫോമുകൾ പൂരിപ്പിച്ച് അയക്കുകയും ചെയ്തു. അതുകഴിഞ്ഞപ്പോൾ ഫീ ഇനത്തിൽ ഏഴായിരം രൂപ തരണമെന്ന് പറയുകയും ഇനി രൂപ ആവശ്യപ്പെടുകയില്ലയെന്നും അറിയിച്ചു. അടുത്ത ദിവസം രൂപ നൽകുകയും പിന്നീട് കുറെ ഫോമുകൾ നൽകി ഇവ പൂരിപ്പിച്ച് നൽകണമെന്നും പറഞ്ഞു. ഇതിനെ തുടർന്ന് പൂരിപ്പിച്ച ഫോമുകൾ വീണ്ടും അയച്ചു നൽകുകയും ചെയ്തു.

വ്യാജ മെയിൽ വഴി കൊക്കകോള കമ്പനിയിൽ നിന്നുള്ള വ്യാജ ഓഫർലെറ്ററും, കൺഫോർമേഷൻ ലെറ്ററും അയച്ചു നൽകി. ഓഫർ ലെറ്റെറിൽ മാസം ഏഴായിരം ഡോളർ സാലറിയും, ആഴ്ചയിൽ നാൽപ്പത് മണിക്കൂർ ജോലിയും, അലവൻസ് ആയി ആഴ്ചയിൽ എഴുന്നൂറ് ഡോളർ നൽകുമെന്നും 2022 ഫെബ്രുവരി ഇരുപത്തിയൊന്നാം തിയതി മുതൽ ജോലിയിൽ പ്രവേശിക്കാമെന്നും പറഞ്ഞിരുന്നു. ഇത് വിശ്വാസത്തിലാക്കി പതിനെണ്ണായിരം രൂപ അയച്ചു നൽകണമെന്ന് പറഞ്ഞു. പിന്നീട് രൂപ നൽകുകയും കാനഡയിലേക്കുള്ള മെഡിക്കൽ എടുക്കുന്നതിനുള്ള വ്യാജ ഫോം അയച്ചു നൽകുകയും ചെയ്തു. വീണ്ടും രൂപ ചോദിക്കുകയും അടുത്ത ദിവസം ഇമ്മിഗ്രേഷൻ ലെറ്റർ നൽകുമെന്നും അറിയിച്ചു. താൻ വഞ്ചിതനാവുകയാണോ എന്ന തോന്നലിൽ വീണ്ടും സംസാരിച്ചപ്പോൾ ജോർജ് ഗാർഡുനോ എന്ന ആളുടെ പാസ്പോർട്ട്, കമ്പനി ഐഡി കാർഡ്, പെർമനന്റ് റെസിഡന്റ് കാർഡ് അടങ്ങിയ ഒരു വീഡിയോ അയച്ചു നൽകി വിശ്വസിപ്പിച്ചു.

ജോർജ് ഗാർഡുനോ ജപ്പാൻ, ദക്ഷിണ കൊറിയ കൊക്കകോള കമ്പനിയുടെ 2020 മുതൽ പ്രസിഡന്റ് ആണ് എന്നതാണ് വാസ്തവം. ജോർജ് ഗാർഡുനോയുടെ പേരിൽ വ്യാജ പാസ്പോർട്ട്, കമ്പനിയിലെ മാനേജർ ആണെന്ന ഐഡി കാർഡും, ഇദ്ദേഹത്തിന്റെ വ്യാജ പെർമനന്റ് റെസിഡന്റ് കാർഡും ആണ് വിഡിയോയിൽ നൽകിയിരിക്കുന്നത്. ഒറിജിനിൽ ഡോക്യൂമെന്റുകളെ വെല്ലുന്ന തരത്തിലാണ് വ്യാജ കാർഡുകൾ ഉണ്ടാക്കിയിരിക്കുന്നത്. കൂടാതെ 24 Fenmar Dr, North York, Ontario M9L 1L8, Canada എന്ന അഡ്രസ് ആണ് എല്ലാത്തിലും നൽകിയിരിക്കുന്നത് ഇത് ഗൂഗിൾ സെർച്ച് ചെയ്താൽ കൊക്ക കോള കാനഡ ബോട്ടിലിംഗ് ലിമിറ്റഡിന്റെ അഡ്രസ് ആണ് കാണിക്കുന്നത്. ആയതിനാൽ ആർക്കും സംശയം തോന്നുകയില്ല.

2022 ഫെബ്രുവരി ഒമ്പതാം തിയതി ഇമ്മിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് അപ്പ്രൂവ്ഡ് സീൽ വെച്ചിരിക്കുന്ന വിസ ഓതോറൈസേഷൻ ആൻഡ് സബ്മിഷൻ ലെറ്റർ, സീൽ ചെയ്ത വർക്ക് പെർമിറ്റ്, അപ്പ്രൂവ്ഡ് സീൽ വെച്ചിരിക്കുന്ന കാനഡ ഇമ്മിഗ്രേഷൻ ബോർഡ് ഒഫീഷ്യൽ സ്റ്റാമ്പ് ക്ലീറൻസ് ലെറ്റർ എന്നിവയും മെയിൽ വഴി തട്ടിപ്പുകാർ അയച്ചു നൽകി. ഇതിൽ ഇമ്മിഗ്രേഷൻ ഏജന്റ് എന്ന സ്ഥാനത്ത് ജോൺ സ്മിത്ത് എന്നും കമ്പനി സിഗ്നേച്ചറിന്റെ സ്ഥാനത്ത് ജോർജ് ഗാർഡുനോയുടെ വ്യാജ ഒപ്പും നൽകിയിട്ടുണ്ട്. വർക്ക് പെർമിറ്റിൽ 2022 ഫെബ്രുവരി 22 മുതൽ 2026 ഫെബ്രുവരി 22 വരെ ഉള്ള ഡേറ്റും നൽകിയിട്ടുണ്ട് കൂടാതെ വ്യാജ അപ്പ്രൂവ്ഡ് സീൽ നൽകിയിട്ടുണ്ട്.

കുറച്ചു കൂടി പേപ്പർ വർക്കുകൾ ചെയ്യാനുണ്ടെന്നും ഇതിനായി മുപ്പതിനായിരം രൂപ നൽകണമെന്നും തട്ടിപ്പുകാർ പറഞ്ഞപ്പോൾ, ഇതിൽ സംശയം തോന്നിയ തിരുവനന്തപുരം സ്വദേശി malayale.ca യുടെ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് ഇവർക്ക് വ്യാജ ഐഡി വഴി നൽകിയ മുഴുവൻ രേഖകളും ഞങ്ങൾക്ക് നൽകുകയും ഈ രേഖകൾ പരിശോധിച്ചതിൽ നിന്നും ഇത് മുഴുവൻ വ്യാജ രേഖകൾ ആണെന്നും ഞങ്ങൾ അറിയിച്ചു. തുടർന്ന് തിരുവനന്തപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഇപ്പോൾ അന്വേഷണം നടക്കുകയാണ്.

വ്യാജ ഐഡി ഉപയോഗിച്ച് കൊക്കക്കോള കമ്പനിയുടെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും ഇതിൽ വഞ്ചിതരാകരുതെന്നും കമ്പനി തന്നെ അവകാശപ്പെടുന്നുണ്ട്. ജോലി തസ്തികകൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകുമെന്നും അതല്ലാതെ സോഷ്യൽ മീഡിയ വഴിയുള്ള തസ്തിക നിയമനങ്ങൾ നടത്തുന്നില്ലായെന്നും കമ്പനി എക്സിക്യൂട്ടീവ്സ് തന്നെ അറിയിച്ചിട്ടുണ്ട്. പല ആഫ്രിക്കൻ രാജ്യങ്ങളിലും ഇതുപോലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

കാനഡയിൽ അല്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ ഇതുപോലെ ജോലി വാഗ്ദാനം ചെയുമ്പോൾ സാമാന്യ ബുദ്ധിയിൽ തട്ടിപ്പാണെന്ന് ആർക്കും മനസിലാകും. എന്നിരുന്നാലും ജീവിത സാഹചര്യങ്ങളിൽ കഷ്ട്ടപ്പെടുന്ന ചിലർ ഈ തട്ടിപ്പിൽ വീഴുമെന്ന് വ്യാജ പ്രൊഫൈൽ വഴി തട്ടിപ്പ് നടത്തുന്നവർക്കറിയാം. വ്യാജന്മാർ പല രീതിയിൽ പല ഭാവത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ് നടത്തികൊണ്ടേയിരിക്കും, ഇതുവഴി ഇവർ ഇതുപോലത്തെ നിരവധി പാവങ്ങളുടെ കോടിക്കണക്കിന് രൂപ തട്ടിച്ചെടുക്കും. ആയതിനാൽ വ്യാജന്മാരുടെ കൈകളിൽ അകപ്പെടാതെ നോക്കുക എന്നത് മാത്രമാണ് ഇതിലുള്ള ഒരേ ഒരു വഴി.

About The Author

error: Content is protected !!