ടോറന്റോ: അനിവാര്യ യാത്രകള്‍ക്കല്ലാതെ അതിര്‍ത്തി അടച്ച യു എസിനും കാനഡയ്ക്കും തുടര്‍ വിഷയങ്ങളില്‍ സമാന ചിന്തകളെല്ലെന്ന് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളുടേയും അതിര്‍ത്തി അടച്ചിട്ട് ഏഴു മാസങ്ങളായെങ്കിലും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.
ഒക്ടോബര്‍ 21നാണ് അതിര്‍ത്തി തുറക്കേണ്ടതെങ്കിലും ട്രൂഡോയ്ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. അതിര്‍ത്തി അടച്ചിടുന്നത് നീട്ടുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. വിന്നിപെഗ് പോഡ്കാസ്റ്റുമായി നടത്തിയ അഭിമുഖത്തില്‍ യു എസില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ കാനഡ അതിര്‍ത്തി അടച്ചിടല്‍ നീട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിര്‍ത്തി തുറക്കാനാവുന്ന അവസ്ഥയിലല്ല അമേരിക്കയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ നാലാഴ്ച മുമ്പ് ട്രംപിന്റെ പ്രസ്താവനയില്‍ വ്യത്യസ്തമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. കാനഡയുമായി പങ്കിടുന്ന അതിര്‍ത്തി തുറക്കാന്‍ ആഗ്രഹിക്കുന്നതായും കാനഡയ്ക്കും അതേ ആഗ്രഹമുണ്ടെന്നുമാണ് സെപ്തംബര്‍ 18ന് വൈറ്റ് ഹൗസില്‍ ട്രംപ് പറഞ്ഞത്. അതുകൊണ്ടുതന്നെ ഉടന്‍ അതിര്‍ത്തി തുറക്കുമെന്നും സാധാരണ രീതിയിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്രൂഡോയും ട്രംപും തമ്മില്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് ഇരുവരുടേയും പ്രസ്താവനകള്‍ നല്കുന്ന സൂചന. അതിര്‍ത്തി തുറക്കില്ലെന്ന് ട്രൂഡോ സര്‍ക്കാര്‍ പറയുമ്പോള്‍ ഉടനെ തുറക്കുമെന്ന അഭിപ്രായമാണ് ട്രംപിന്റെ ഭാഗത്തു നിന്നും വരുന്നത്. ഇരുസര്‍ക്കാരുകളും ഇതുസംബന്ധിച്ച് ഗൗരവമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാമ് ഇതിലൂടെ മനസ്സിലാകുന്നതെന്ന് യു എസ്- കാനഡ സാമ്പത്തിക ബന്ധങ്ങളെ കുറിച്ചുള്ള ബെല്ലിംഗ്ഹാം വെസ്റ്റേണ്‍ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ആല്ദന് പറഞ്ഞു.
മാര്‍ച്ച് അവസാനത്തോടെയാണ് അതിര്‍ത്തി അടച്ചിടല്‍ പ്രാബല്യത്തിലായത്. നിരവധി കനേഡിയന്മാര് അതിര്‍ത്തി അടക്കലിനെ പിന്തുണക്കുന്നുണ്ടെങ്കിലും ടൂറിസം വ്യവസായത്തെ തകര്‍ക്കുകയും അടുത്ത ബന്ധുക്കളെ പോലും ഇരു രാജ്യങ്ങളിലുമായി ഭാഗിക്കുകയും ചെയ്തിട്ടുണ്ട്.
അതിര്‍ത്തി അടച്ചിട്ടതിന്റെ പ്രാധാന്യം തനിക്ക് മനസ്സിലായെങ്കിലും അത് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി നടത്തമെന്നത് പ്രധാനമാണെന്നും ആല്ദല് പറഞ്ഞു. ചര്‍ച്ചകള്‍ നടക്കാത്തതിനാല്‍ തന്നെ എപ്പോഴാണ് സുരക്ഷിതമായി അതിര്‍ത്തി തുറക്കാനാവുകയെന്ന കാര്യത്തില്‍ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനെ കുറിച്ച് ഇരുരാജ്യങ്ങളും ആലോചിക്കുന്നുണ്ടെന്ന് യു എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. എന്നാല്‍ പൊതുജനാരോഗ്യ വിവരങ്ങള്‍ വിലയിരുത്തിയതിന് ശേഷം മാത്രമേ അതിര്‍ത്തി തുറക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുകയുള്ളുവെന്നാണ് കാനഡ പൊതുസുരക്ഷാ മന്ത്രി ബില്‍ ബ്ലെയറിന്റെ വക്താവ് അറിയിച്ചത്. തീരുമാനം കാനഡയാണെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
റോയിട്ടേഴ്സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓട്ടവയുമായി വാഷിംഗ്ടണ്‍ കഴിഞ്ഞ മാസം അതിര്‍ത്തി നിയന്ത്രണ ഇളവുകളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുകയും യു എസ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നുവെങ്കിലും കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കാര്യമായ ഉത്സാഹം പ്രകടിപ്പിച്ചിട്ടില്ല.
യു എസിലേക്ക് യാത്ര ചെയ്യരുതെന്നാണ് കനേഡിയന്മാര്ക്ക് അധികൃതര്‍ നല്കുന്ന നിര്‍ദ്ദേശം. എന്നാല്‍ കാനഡയില്‍ നിന്നുള്ളവരെ സ്വീകരിക്കാന്‍ യു എസ് തയ്യാറാകുന്നുമുണ്ട്.
എന്നാല്‍ അതിര്‍ത്തി അടച്ചിട്ടുണ്ടെങ്കിലും വിനോദ യാത്രയ്ക്കായി കാനഡയില്‍ നിന്നുള്ളവരെ യു എസ് അനുവദിക്കുന്നുണ്ട്. ഇത്തരം തീരുമാനം എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം പ്രത്യേക ഇളവുകളില്ലാതെ യു എസ് പൗരന്മാര്ക്ക് കാനഡ സന്ദര്‍ശിക്കാന്‍ അനുവാദവുമില്ല.
മഞ്ഞുകാലത്ത് അമേരിക്കയിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്നവരെ കുറിച്ചുള്ള ചോദ്യത്തിന് കോവിഡിനെ തുടര്‍ന്ന് എല്ലാവരും വീടുകളില്‍ തന്നെ കഴിയണമെന്ന് ട്രൂഡോ ആവശ്യപ്പെട്ടു. ആളുകള്‍ തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരേയുമാണ് അപകടത്തിലാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ട്രൂഡോ അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് താന്‍ ശുപാര്‍ശ ചെയ്യുന്നതെന്നും പറഞ്ഞു. ആളുകളുടെ സ്വന്തം സുരക്ഷയ്ക്കാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും ട്രൂഡോ വിശദീകരിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു