November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

താലിബാനുമായി ചർച്ച വേണമെന്ന് യുഎൻ തലവൻ അന്റോണിയോ ഗുട്ടറസ്

താലിബാനുമായി ചർച്ച വേണമെന്ന് യുഎൻ തലവൻ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. അന്താരാഷ്ട്ര സമൂഹം താലിബാനുമായി ചർച്ചകൾ ആരംഭിക്കണം. അഫ്ഗാൻ ജനതയോട് ലോകം അനുകമ്പ കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിലെ മനുഷ്യർ ഇപ്പോൾ വലിയ ദുരന്തത്തിന്റെ വക്കിലാണ്. താലിബാനുമായുള്ള ചർച്ചകളുടെ ഫലം അനുകൂലമാകുമെന്ന് ഒരു ഉറപ്പും ഇല്ല. അഫ്ഗാനിസ്ഥാൻ ആഗോള ഭീകരതയുടെ താവളം ആയിമാറാതിരിക്കാൻ ഇത് അത്യാവശ്യമാണെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

അതേസമയം, ഭീകരർക്ക് സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാൻ മാറുന്നത് തടയുമെന്ന് ബ്രിക്സ് ഉച്ചകോടി അംഗീകരിച്ച സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ , ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൺസണാരോ എന്നിവർ പങ്കെടുത്തു. ദില്ലി പ്രഖ്യാപനം എന്ന പേരിൽ അംഗീകരിച്ച സംയുക്ത നിലപാടിൽ അഫ്ഗാനിലെ സർക്കാർ രൂപീകരണം സമാധാനപമായിരിക്കണം എന്ന നിർദ്ദേശം ബ്രിക്സ് രാജ്യങ്ങൾ മുന്നോട്ടു വച്ചു.

അഫ്ഗാനിസ്ഥാനിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും തലപൊക്കുന്നതിൽ ഉച്ചകോടി കടുത്ത ആശങ്ക രേഖപ്പെടുത്തുകയുണ്ടായി. ഇതിനിടെ താലിബാൻ പ്രഖ്യാപിച്ച സർക്കാർ നിയമവിരുദ്ധമെന്ന് ദില്ലിയിലെ അഫ്ഗാൻ എംബസിയും പ്രസ്താവനയിറക്കി.

About The Author

error: Content is protected !!