November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഉപരോധങ്ങൾ കാറ്റിൽ പറത്തി റഷ്യ വ്യോമാക്രമണം ആരംഭിച്ചു; കനത്ത തിരിച്ചടി നൽകി യുക്രെയ്ൻ

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

അമേരിക്കയും, കാനഡയും, യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് റഷ്യ ആക്രമണം ആരംഭിച്ചിരിക്കുന്നത്. ആഗോളതലത്തിൽ റഷ്യയുടെ ബാങ്കുകളേയും ഓഹരികളേയും ആണ് മരവിപ്പിച്ചിരിക്കുന്നത്. എന്നാൽ റഷ്യ തങ്ങളുടെ 48 ശതമാനം ക്രൂഡ് ഓയിൽ യൂറോപ്പിലേക്കും 41 ശതമാനം ഏഷ്യയിലേക്കും ആണ് നൽകുന്നത്. ഈ വിതരണം മുടങ്ങിയാൽ യൂറോപ്പിന്റെ കാര്യം പരുങ്ങലിലാകും. റഷ്യക്കെതിരെ ശക്തമായ സൈനിക നീക്കത്തിനുള്ള ഒരു തീരുമാനവും അമേരിക്കയും നാറ്റോ സഖ്യവും എടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയമാണ്. എന്നാൽ ജർമ്മനി വാതക പൈപ്പ് ലൈൻ പണി നിർത്തിവെച്ചത് തങ്ങളെ ഒരു കാരണവശാലും ബാധിക്കില്ലെന്ന് പുടിൻ തുറന്ന് പറഞ്ഞു.

യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് കനത്ത തിരിച്ചടി നൽകിയതായി യുക്രെയ്ൻ. അഞ്ച് റഷ്യൻ യു​ദ്ധ​വി​മാ​ന​ങ്ങ​ളും ഒ​രു ഹെ​ലി​കോ​പ്റ്റ​റും വെടിവെച്ചിട്ടതായാണ് അനൗദ്യോഗിക വിവരം. ഇതിൽ 50 റഷ്യൻ സൈനികർ മരണപെട്ടതായും യുക്രെയ്ൻ അവകാശപ്പെടുന്നു. എന്നാൽ റഷ്യൻ വ്യോമാക്രമണത്തിൽ തങ്ങളുടെ 10 സിവിലിയൻ പൗരന്മാരും 40 സൈനികരും മരണപ്പെട്ടതായി യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. യുക്രെയ്ന്റെ തലസ്ഥാനമായ കീവിൽ ആറിടത്ത് സ്ഫോടനമുണ്ടായതിന് പിന്നാലെയുള്ള തിരിച്ചടിയിൽ റഷ്യയിൽ സ്ഫോടനം നടത്തിയതായി യുക്രെയ്ൻ അവകാശപ്പെടുന്നു. റഷ്യൻ സൈന്യത്തിനൊപ്പം വിമത സൈന്യവും ചേർന്നാണ് യുക്രെയിനിൽ ആക്രമണം നടത്തുന്നത്.

റഷ്യയെ സ്വയം പ്രതിരോധിക്കുമെന്നും പരാജയപ്പെടുത്തുമെന്നും യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിട്രി കുലേബ അറിയിച്ചു. എന്നാൽ രാജ്യത്ത് പട്ടാളനിയമം നടപ്പിലാക്കിയിട്ടുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പട്ടാളം ഏതറ്റം വരെയും പോകുമെന്ന് യുക്രൈൻ പ്രസിഡന്റ് പറഞ്ഞു. അതേസമയം റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടി ആയുധങ്ങൾ കൈവശമുള്ള ഏതൊരു വ്യക്തിയ്ക്കും രാജ്യത്തിന്റെ ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്സിൽ ചേരാമെന്നാണ് പ്രതിരോധ മന്ത്രി ഒലക്സി റെസ്നികോവ് അറിയിച്ചു.

ആ​ക്ര​മ​ത്തി​ന് പി​ന്നാ​ലെ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ എ​ടി​എ​മ്മു​ക​ൾ പ​ല​തും കാ​ലി​യാ​യ അ​വ​സ്ഥ​യാ​ണ്. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ നീ​ണ്ട ക്യൂ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഭക്ഷണശാലകൾ അടച്ചിട്ടിരിക്കുകയാണ്.

കൂടാതെ എണ്ണവില ബാരലിന് 100 യുഎസ് ഡോളറിലേക്ക് നീങ്ങുകയാണ്, എന്നാൽ ക്രൂഡ് ഓയിൽ വില ഉക്രെയ്നിൽ അടുത്തതായി എന്ത് സംഭവിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം വിതരണത്തെ തടസ്സപ്പെടുത്തുമെന്ന നിക്ഷേപകരുടെ ആശങ്കയെത്തുടർന്ന് കിഴക്കൻ യൂറോപ്പിൽ എണ്ണവില കുതിച്ചുയരുകയാണ്. ആഗോള എണ്ണ വിതരണത്തിന്റെ 10 ശതമാനവും റഷ്യയാണ് ഉത്പാദിപ്പിക്കുന്നത്.

റഷ്യൻ ആക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ‘റഷ്യയുടെ നടപടികൾ ഉക്രെയ്‌നിന്റെ പരമാധികാരത്തിന്റെയും പ്രദേശിക അഖണ്ഡതക്കും എതിരെയുള്ള വ്യക്തമായ ലംഘനമാണ്’ എന്ന് ട്രൂഡോ പ്രതികരിച്ചു. വ്യാഴാഴ്ച ജി7 രാജ്യങ്ങളുമായി ട്രൂഡോ കൂടിക്കാഴ്ച നടത്തും.

About The Author

error: Content is protected !!