November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഒമിക്രോൺ: കേരളത്തിൽ 7 ദിവസം കർശന ക്വാറന്റീൻ; യാത്രക്കാർക്കെല്ലാം ആർടിപിസിആർ

Join for daily Canada Malayalam News

https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബി.1.1.529 നിരവധി രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി കേരള സർക്കാർ. കേന്ദ്ര മാർഗനിർദ്ദേശങ്ങളിൽ പറയുന്ന വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്നവർ 72 മണിക്കൂറിനകം ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് എയർസുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. വിദേശത്ത് നിന്ന് എത്തിയതിന് ശേഷം സംസ്ഥാനത്തെ എയർപോർട്ടിൽ വച്ച് വീണ്ടും ആർടിപിസിആർ പരിശോധന നടത്തണം. തുടർന്ന് ഏഴ് ദിവസം നിര്ബദ്ധമായും ക്വാറന്റൈനിൽ കഴിയണം. ക്വാറന്റൈൻ പൂർത്തിയായതിന് ശേഷം വീണ്ടും ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ പരിശോധന ഫലം പൊസിറ്റിവാണെങ്കിൽ സ്രവസാമ്പിൾ ജീനോമിക് പരിശോധനയ്ക്കയക്കുകയും യാത്രക്കാരനെ ഐസലേഷൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും. ഒമിക്രോൺ വകഭേദം സംബന്ധിച്ച പരിശോധന റിപ്പോർട്ട് പൊസിറ്റീവാണെങ്കിൽ ഇതു സംബന്ധിച്ച് ചികിത്സാ പ്രോട്ടോകോൾ പാലിച്ചായിരിക്കും തുടർ നടപടികൾ.

യൂറോപ്യൻ രാജ്യങ്ങൾക്ക് പുറമെ, യുകെ, ഇസ്രയേൽ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മോറീഷ്യസ്, ന്യൂസിലാൻഡ്, സിംബാവെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവരിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. പുതിയ വകഭേദം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവരിൽ 5 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂർ മുൻപ് ആർടിപിസിആർ പരിശോധന നടത്തണമെന്നും എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം നൽകണമെന്നും കേന്ദ്ര നിർദേശമുണ്ട്. ഇവർ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വീണ്ടും ആർടിപിസിആർ പരിശോധന നടത്തണമെന്നു സംസ്ഥാന സർക്കാർ അറിയിച്ചു. ക്വാറന്റീൻ തീരുമ്പോഴും ആർടിപിസിആർ പരിശോധന നടത്തണം. പുതിയ വകഭേദം കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വിദേശത്തുനിന്നു കൂടുതൽ പേർ എത്തുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതിനിടെ, ഇന്നലെ ബെംഗളൂരു വിമാനത്താവളത്തിലെത്തിയ 94 ആഫ്രിക്കൻ സ്വദേശികളിൽ 2 പേർ കോവിഡ് പോസിറ്റീവ് ആണെന്നും ഇത് ഒമിക്രോൺ അല്ല, ഡെൽറ്റ വകഭേദമാണെന്നു സ്ഥിരീകരിച്ചെന്നും ഇവർക്ക് കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

About The Author

error: Content is protected !!