അഫ്ഗാനിസ്ഥാനിൽനിന്നുള്ള മൂന്ന് സഹോദരങ്ങൾ വിഷക്കൂൺ കഴിച്ച് ആശുപത്രിയിൽ ചികിത്സയിൽ. താലിബാൻ ഭീകരരിൽ നിന്നും രക്ഷപെട്ട് പോളണ്ടിലേക്ക് പലായനം ചെയ്ത ഒരു കുടുംബത്തിലെ സഹോദരങ്ങളാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ഉള്ളത്. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വിശന്നപ്പോൾ മാരകമായ വിഷക്കൂൺ കഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
വാഴ്സയ്ക്ക് സമീപം വനമേഖലയോട് ചേർന്ന അഭയാർത്ഥി കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ഇവർ കാട്ടിൽ നിന്നും കൂൺ പറിച്ച് കഴിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വിഷമുള്ളതും മരണത്തിന്റെ തൊപ്പി (death cap) എന്ന് വിശേഷണമുള്ള കൂണാണ് ഇവർ ഭക്ഷിച്ചതെന്നാണ് സൂചന. ഭക്ഷ്യയോഗ്യമായ കൂണിനോട് വളരെയേറെ സാദൃശ്യമുള്ളതാണ് ഇവ.
പോളണ്ടിൽ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറും അഞ്ചും വയസ്സുള്ള സഹോദരന്മാരിൽ ഇളയകുട്ടി ഇപ്പോഴും അബോധാവസ്ഥയിലാണ് ഉള്ളത്. ഏത് നിമിഷവും മരണം സംഭവിച്ചേക്കാം. മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ ഇന്ന് പരിശോധന നടത്തും. മൂത്ത കുട്ടിയുടെ കരൾ അടിയന്തിരമായി മറ്റിവെയ്ക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇവരുടെ 17 വയസ്സുള്ള സഹോദരിയും ഇപ്പോൾ ചികിത്സയിലാണ്.
ബ്രിട്ടീഷ് കമ്പനിയ്ക്ക് വേണ്ടി ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരന്റെ കുടുംബത്തെ ബ്രിട്ടണിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഒഴിപ്പിച്ചത്. ക്യാംപിൽ ഭക്ഷണം ലഭിക്കാഞ്ഞതിനാലാണ് കുട്ടികൾ കാട്ടിൽ ഭക്ഷണം തേടിപ്പോയതെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ ക്യാംപിൽ മൂന്ന് നേരവും ഭക്ഷണം നൽകിയിരുന്നുവെന്നും ഇതിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും മേയർ പോത്കോവാ ലെഷ്ന പറഞ്ഞു.
More Stories
ഐആർസിസി അപേക്ഷകളുടെ ബാക്ക്ലോഗിൽ നേരിയ വർദ്ധനവ്
എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ പ്രഖ്യാപിച്ച് ഐആർസിസി
13 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത യാത്ര പദ്ധതിയുമായി കാനഡ