November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡ സ്റ്റുഡന്റ് വിസ: വിദ്യാർത്ഥികളും ഏജന്റുമാരും ജലന്ധർ ഡിസി കോടതിയിൽ ഹാജരായി; അടുത്ത വാദം ഏപ്രിൽ 20ന്

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

കാനഡയിലുള്ള മൂന്ന് സ്വകാര്യ കോളേജിലേക്കുള്ള സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ട് കമ്മീഷനിനുവേണ്ടി ട്രാവൽ ഏജന്റുമാർ തങ്ങളെ കാനഡയിലെ സാമ്പത്തിക പ്രതിസന്ധിയും അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കോളേജുകളിൽ ചേർത്ത് വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജലന്ധർ ഡിസി കോടതിയിൽ പബ്ലിക് ഗ്രീവൻസ് ഓഫീസർക്ക് മുമ്പാകെ 30 വിദ്യാർത്ഥികളും പത്ത് ട്രാവൽ ഏജൻസികളുടെ പ്രതിനിധികളും ഹാജരായി.

ഇന്ത്യൻ മോൺട്രിയൽ യൂത്ത് സ്റ്റുഡന്റ് ഓർഗനൈസേഷന്റെ ബാനറിന് കീഴിലുള്ള ഹർജിക്കാരായ വിദ്യാർത്ഥികൾ കഴിഞ്ഞ മാസം ജലന്ധർ ഡിസിക്ക് സംയുക്തമായി പരാതി നൽകിയിരുന്നു. കമ്മീഷനിനുവേണ്ടി ട്രാവൽ ഏജന്റുമാർ തങ്ങളെ കാനഡയിലെ സാമ്പത്തിക പ്രതിസന്ധിയും അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കോളേജുകളിൽ ചേർക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കേസിനെത്തുടർന്ന് ജലന്ധർ ഡിസി കഴിഞ്ഞ ചൊവ്വാഴ്ച്ച ഇരുവിഭാഗത്തെയും പ്രാഥമിക ഹിയറിംഗിനായി വിളിക്കുകയായിരുന്നു. കോളേജുകളിൽ നിന്ന് ലഭിച്ച രസീതുകളും ഓഫർ ലെറ്ററുകളും, പണമായോ ബാങ്ക് ട്രാൻസ്ഫർ മുഖേനയോ ഏജൻറുമാർക്ക് പണം നൽകിയതിന്റെ തെളിവുകളും വിദ്യാർത്ഥികൾ കാണിച്ചതായി റിപ്പോർട്ടുണ്ട്.

മോൺട്രിയലിലെ എം കോളേജിൽ പ്രവേശനത്തിനായി ഇമിഗ്രേഷൻ സ്ഥാപനത്തിന് 10 ലക്ഷം രൂപ നൽകിയതായി പഞ്ചാബിലെ ബട്ടൻ മണ്ടിയിൽ നിന്നുള്ള വിശാൽ എന്ന യുവാവ് ആരോപിച്ചു. കോളേജ് ഉടൻ പൂട്ടുമെന്ന് അറിഞ്ഞിട്ടും ഏജന്റ് പ്രസ്തുത കോളേജിൽ പ്രവേശനത്തിന് അപേക്ഷിച്ചെന്നും വിദ്യാർത്ഥി പരാതിയിൽ ആരോപിച്ചു. കനേഡിയൻ സർക്കാർ ഈ കോളേജുകളിലേക്കുള്ള എല്ലാ വിദ്യാർത്ഥികളുടെയും പഠന വിസ നിരസിച്ചിരുന്നു. ഫീസ് മുഴുവൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിഷേധം നടത്തുന്നുണ്ടെങ്കിലും ആരും ഒരു പരിഹാരവും ചെയ്തില്ലയെന്നും, പണം തിരികെ നൽകണമെന്നും, ട്രാവൽ ഏജന്റിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ ഡിസി ഓഫീസിൽ പരാതി നൽകിയിരിക്കുന്നത്.

അഭിഭാഷകനെ നിയമിക്കാൻ പണമില്ലാത്തതിനാലാണ് പല വിദ്യാർത്ഥികളും മുന്നോട്ട് വരാത്തതെന്നും, ഞങ്ങൾ കാണിച്ച എല്ലാ തെളിവുകളും ഡിസി പരിഗണിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് വിദ്യാർത്ഥികൾ പറയുകയുണ്ടായി. ഇത് വ്യക്തമായ തട്ടിപ്പാണ്, ഏജന്റുമാർ ഞങ്ങളിൽ നിന്ന് 10 മുതൽ 12 ലക്ഷം രൂപ വരെ കൈക്കലാക്കി, ഞങ്ങൾ വായ്പയെടുത്തോ പലിശയ്ക്ക് കടം വാങ്ങിയോ ആണ് ഫണ്ട് സ്വരൂപിച്ചത്. ഒരു ഏജൻസി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആറ് വിദ്യാർത്ഥികൾക്ക് പണം തിരികെ നൽകിയിട്ടുണ്ടെന്നും ബാക്കി കമ്പനികൾ തങ്ങളുടെ അപേക്ഷകളൊന്നും പരിഗണിക്കുന്നില്ലായെന്നും വിദ്യാർത്ഥികൾ അറിയിച്ചു.

പത്തോളം കൺസൾട്ടൻസി സ്ഥാപനങ്ങൾക്കെതിരെ വിദ്യാർഥികൾ ഹർജി നൽകിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കരിമ്പട്ടികയിൽ ഉൾപ്പെട്ട കോളേജുകളുമായി ബന്ധപ്പെട്ട കേസ് ഇതിനകം കാനഡയിലെ സുപ്രീം കോടതിയുടെ പരിഗണനയിലാണ്, മെയ് മാസത്തോടെ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു. അടുത്ത വാദം കേൾക്കുന്നതിനായി കേസ് ഏപ്രിൽ 20 ലേക്ക് മാറ്റിയെന്നും ഇവർ പറഞ്ഞു.

About The Author

error: Content is protected !!