November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

വിലക്ക് പിൻവലിച്ച് കാനഡ; വിമാന സർവീസുകൾ നാളെ മുതൽ

സെപ്റ്റംബർ 27 തിങ്കളാഴ്ച മുതൽ കാനഡ ഇന്ത്യയിൽ നിന്നുള്ള ഡയറക്ട് ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ അനുവദിക്കും. തുടക്കത്തിൽ ഡൽഹിയിൽ നിന്നായിരിക്കും കാനഡയിലേക്കുള്ള ഫ്ലൈറ്റുകൾ ഉണ്ടാകുക. എയർ ഇന്ത്യയും എയർ കാനഡയും ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ നടത്തും. ഡൽഹിയിൽ നിന്ന് ടോറോന്റോയിലേക്കും വാൻകൂവറിലേക്കും എയർ ഇന്ത്യയ്ക്കും, എയർ കാനഡയ്ക്കും നേരിട്ട് സർവീസുകളുണ്ടാകും.

കാനഡയിൽ പ്രവേശിക്കുന്നതിനും വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിനും യാത്രക്കാർക്ക് ഡൽഹി എയർപോർട്ടിലെ ജെൻസ്ട്രിംഗ്സ് ലബോറട്ടറിയിൽ 18 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിൽ നിന്ന് പ്രീ-ഡിപ്പാർച്ചർ നെഗറ്റീവ് കോവിഡ് -19 സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ടെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. യാത്രക്കാർ കയറുന്നതിന് മുമ്പ് “ഈ ലബോറട്ടറി നൽകുന്ന ടെസ്റ്റ് റിപ്പോർട്ട്, ഒരു ക്യുആർ കോഡ് സഹിതം എയർ ഓപ്പറേറ്റർക്ക് (എയർലൈൻസ്) ഹാജരാക്കേണ്ടതുണ്ട്.

അതേസമയം ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങൾ വഴി കാനഡയിലെത്തുന്ന യാത്രക്കാർക്ക് വ്യത്യസ്ത മാർഗ നിർദേശങ്ങളാണ് ഉള്ളത്. ഇടനിലയിൽ വരുന്ന രാജ്യത്ത് എത്തിയാൽ അവിടെ കൊറോണ പരിശോധിക്കുകയും നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശപ്പെടുത്തുകയും വേണം. എന്നാൽ ചില രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കൊറോണ പരിശോധന നടത്താനുള്ള സൗകര്യം ലഭ്യമാകണമെന്നില്ല. അങ്ങനെയെങ്കിൽ പരോക്ഷമായി യാത്ര ചെയ്ത് കാനഡയിലെത്തുന്ന ഇന്ത്യൻ യാത്രക്കാർ ജാഗ്രത സ്വീകരിക്കണം. യാത്രയ്ക്കിടെ എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നത് ഒഴിവാക്കാൻ ജാഗ്രതയോടെ ട്രാൻസിറ്റ് രാജ്യം തിരഞ്ഞെടുക്കാൻ യാത്രക്കാരോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും ഇപ്പോഴും ഇന്ത്യൻ യാത്രക്കാരെ അനുവദിച്ചു തുടങ്ങിയിട്ടില്ല. മുമ്പ് കൊറോണ പോസിറ്റീവായെന്ന പശ്ചാത്തലമുള്ളവരെയും ചില രാജ്യങ്ങളിൽ പ്രവേശിപ്പിക്കുന്നതല്ല.

എയർ ഇന്ത്യയ്ക്ക് ഞായറാഴ്ച പുലർച്ചെയാണ് കാനഡയിൽ നിന്ന് ഔപചാരികമായി കമ്മ്യൂണിക്കേഷൻ ലഭിച്ചത്. മെയിൽ ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഡൽഹിയിൽ നിന്ന് ടൊറന്റോയിലേക്കും വാൻകൂവറിലേക്കും എയർലൈൻ നോൺസ്റ്റോപ്പുകൾ പ്രവർത്തിക്കുമെന്ന് അറിയിപ്പ് നൽകി. സെപ്റ്റംബർ 22 ന് ഡൽഹിയിൽ നിന്ന് മൂന്ന് നേരിട്ടുള്ള വിമാന സർവീസുകൾ നടത്താൻ എയർ കാനഡയെ അനുവദിച്ചതിന് ശേഷമാണ് കാനഡ ഈ തീരുമാനമെടുത്തത്. പുതിയ പ്രോട്ടോക്കോൾ പ്രവർത്തിക്കുന്നുണ്ടെന്ന് ബോധ്യമായതോടെയാണ്, തിങ്കളാഴ്ച മുതൽ വിമാന സർവിസുകൾ പുനരാരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

About The Author

error: Content is protected !!