https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന കേരളീയരുടെ എണ്ണം വർഷങ്ങളായി ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം പാൻഡെമിക് സമയത്തും ലോക്ക്ഡൗൺ സമയത്തും എണ്ണത്തിൽ പെട്ടെന്നുള്ള ഇടിവ് ഉണ്ടായെങ്കിലും നല്ലൊരു വിഭാഗം വിദ്യാർത്ഥികൾ വീണ്ടും വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2020ൽ ഇന്ത്യയിൽ നിന്ന് 2,61,406 വിദ്യാർത്ഥികൾ വിദേശത്തേക്ക് ഉപരിപഠനത്തിനായി പോയി. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ, ഓരോ വർഷവും വിദേശപഠനമെന്ന സ്വപ്നവും നല്ല ജീവിത സൗകര്യങ്ങളും സാക്ഷാത്കരിക്കാൻ ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നു.
സർക്കാർ കണക്കുകൾ പ്രകാരം 2019-ൽ 30,948 വിദ്യാർത്ഥികൾ കേരളത്തിൽ നിന്ന് കാനഡ, യുഎസ്, യുകെ, ഓസ്‌ട്രേലിയ, ചൈന, ജർമ്മനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയത്. ഇതിൽ 50% വിദ്യാർത്ഥികളും അമേരിക്ക, കാനഡ തൂങ്ങിയ രാജ്യങ്ങളിലേക്കാണ് പോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല രാജ്യങ്ങളും നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും അതിർത്തികൾ തുറക്കുകയും ചെയ്തതോടെ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നിരവധി വിദ്യാഭ്യാസ കൺസൾട്ടന്റുമാരും പറയുന്നു.
അവസരങ്ങളുടെ അഭാവമോ?
നമ്മുടെ സംസ്ഥാനത്തെ തൊഴിലവസരങ്ങളുടെ അഭാവമാണ് വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലേക്ക് വൻതോതിൽ കുടിയേറുന്നതിന് കാരണമായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. വിദേശ രാജ്യങ്ങളിൽ ലഭ്യമായ കോഴ്‌സുകളെയും തൊഴിലവസരങ്ങളെയും കുറിച്ച് ആളുകൾക്ക് ഇപ്പോൾ നല്ല അറിവുണ്ട്. വിവിധ വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നു, ഇത് കാര്യങ്ങൾ എളുപ്പമാക്കുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠനം തുടരുന്നതിനോടൊപ്പം പാർട്ട് ടൈം ജോലികൾ ചെയ്യാനുള്ള അവസരവുമുണ്ട്.
നമ്മുടെ സംസ്ഥാനത്ത് മതിയായ തൊഴിലവസരങ്ങളുടെ അഭാവം നിരവധി വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകാൻ കാരണമായി എന്നത് നഗ്നമായ സത്യമാണ്. കൂടാതെ പ്രൊഫഷണൽ കോഴ്‌സുകൾക്ക് നമ്മുടെ സംസ്ഥാനത്ത് ലഭ്യമായ സീറ്റുകളുടെ അഭാവവും ഉണ്ട്. അതും തീർച്ചയായും പരിഹരിക്കപ്പെടേണ്ടതാണ്.
മാതാപിതാക്കളുടെ സ്ഥിതി എന്ത്?
ഉപരിപഠനം വിദേശത്ത് എന്ന ട്രെൻഡിനൊപ്പം ചിന്തിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. കൂട്ടുകാർ വിദേശത്ത് ഉപരിപഠനത്തിന് പോകുന്നു എന്ന് കേൾക്കുമ്പോൾ എനിക്കും പോകണം എന്ന ചിന്താഗതി ഉണ്ടാകുന്നത് സ്വാഭാവികമാണ്. പല വീടുകളിലും ഒന്നോ രണ്ടോ കുട്ടികളാകും ഉണ്ടാകുക, ഇവർ ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോൾ മാതാപിതാക്കൾ തനിച്ചാകുന്നു. മക്കളുടെ ആഗ്രഹങ്ങളും, സ്വപനങ്ങളും നിറവേറ്റുവാനും മക്കളുടെ നല്ല ഭാവിക്കും വേണ്ടി കിട്ടാവുന്ന ലോണുകളും എടുത്ത് മാതാപിതാക്കൾ ഇവരെ വിദേശ പഠനത്തിന് അയക്കുന്നു. പക്ഷെ പ്രായാധിക്യത്തിൽ ഈ മക്കൾ മാതാപിതാക്കളെ നോക്കുന്നതിന് ഹോം നഴ്സിനെ നിർത്തുകയോ വൃദ്ധ സദനത്തിൽ ആക്കുകയോ ചെയ്യും. എന്നിട്ട് മരണാനന്തര ചടങ്ങുകൾ ആഘോഷമായി നടത്തും. അല്ലെങ്കിൽ കൊച്ചു മക്കളെ നോക്കാൻ വിദേശത്തേക്ക് കൊണ്ടുപോകുകയും വീടിന്റെ ചുവരുകൾക്കുള്ളിൽ ഭാവി ജീവിതം തള്ളി നീക്കേണ്ടതായും വരുന്നു. പിന്നീട് മാതാപിതാക്കളുടെ മരണാനന്തരം നാട്ടിലേക്ക് പോകുകയും കിട്ടുന്ന വിലക്ക് മാതാപിതാക്കൾ ചോര നീരാക്കിയ വീടും സ്ഥലും വിറ്റ് തിരിച്ചു പോരുകയും ചെയ്യും. എല്ലാവരും ഒരുപോലെ എന്നല്ല മാതാപിതാക്കളെ നല്ല രീതിയിൽ നോക്കുന്ന മക്കളും ഉണ്ട് ഈ കൂട്ടത്തിൽ. ഇപ്പോൾ വിദേശ രാജ്യങ്ങളിൽ ചേക്കേറുന്നവരുടെ രണ്ട് മൂന്ന് തലമുറകൾ കഴിയുമ്പോൾ ഇവരുടെ മക്കളും വിദേശപഠനത്തിനായി ഇന്ത്യയിലേക്കും വരുന്ന കാലം വിദൂരമല്ല.
More Stories
കാനഡയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ബന്ധുക്കൾക്കും ഇനി ജോലിക്ക് അപേക്ഷിക്കാം സുപ്രധാന തീരുമാനവുമായി സർക്കാർ
കാനഡയിൽ ഫെഡറൽ നിയന്ത്രിത സ്വകാര്യ മേഖല ജീവനക്കാർക്ക് പെയ്ഡ് സിക്ക് ലീവ് സുപ്രധാന നാഴികക്കല്ല് പിന്നിട്ട് സർക്കാർ
ജിടിഎയിൽ വിൽപ്പനയ്ക്കെത്തിയത് വ്യാജ ജമൈക്കൻ വാഴപ്പഴം ഉപഭോക്താക്കളോട് ജാഗ്രത പുലർത്തണമെന്ന് ജെപി ഫാംസ്