November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഇമിഗ്രേഷൻ സംവിധാനത്തിന് മുൻഗണന നൽകണം പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0

കാനഡ ഇമിഗ്രേഷൻ അപേക്ഷകൾക്കുള്ള പ്രോസസ്സിംഗ് സമയം കുറയ്ക്കുകയും വിദേശ വിദ്യാർത്ഥികൾക്ക് സ്ഥിരതാമസത്തിനുള്ള അവസരങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇതിനുവേണ്ട നടപടികൾ വേഗത്തിലാക്കണമെന്ന് ട്രൂഡോ കാനഡയുടെ പുതിയ ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസറിന് അയച്ച കത്തിൽ പറയുന്നു. കഴിഞ്ഞ ഒക്ടോബർ 26-ന് ട്രൂഡോയുടെ കാബിനറ്റിലെ ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രിയായി ഫ്രേസർ ചുമതലയേറ്റത്.

കത്തിൽ ട്രൂഡോ ഇമിഗ്രേഷൻ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട 13 നടപടികളുടെ രൂപരേഖ നൽകിയിട്ടുണ്ട്. അഭയാർത്ഥികൾക്കുള്ള ഇമിഗ്രേഷൻ ക്വാട്ട വർദ്ധിപ്പിക്കുന്നത് മുതൽ കോവിഡ് -19 കാരണം സിസ്റ്റത്തിലെ കാലതാമസം പരിഹരിക്കുന്നത് വരെയുള്ള വിവിധ ലക്ഷ്യങ്ങൾ അവയിൽ ഉൾക്കൊള്ളുന്നു. കുടുംബ പുനരേകീകരണ പരിപാടികൾ ശക്തിപ്പെടുത്തുകയും മെഡിക്കൽ മേഖലകൾ പോലുള്ള ഉയർന്ന ഡിമാൻഡുള്ള മേഖലകളിലേക്ക് വിദഗ്ധ തൊഴിലാളികളെ സ്വാഗതം ചെയ്യുകയും ചെയ്യണമെന്ന് കത്തിൽ പറയുന്നു.

ഈ മാർഗ്ഗനിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ ഫെഡറൽ, പ്രൊവിൻഷ്യൽ തലങ്ങളിൽ ഇമിഗ്രേഷൻ പ്രക്രിയകളിൽ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കാനഡയിൽ ഏകദേശം 1.8 ദശലക്ഷം ഇമിഗ്രേഷൻ അപേക്ഷകൾ ബാക്ക്‌ലോഗ് ഉണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നത് ഫെഡറൽ ഗവൺമെന്റിന് തലവേദനയായിരുന്നു. രാജ്യത്തിന്റെ വിവിധ കോണിൽനിന്ന് ഗവൺമെന്റിന് എതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അടുത്തിടെ, ഫെഡറൽ ഗവൺമെന്റിന്റെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) വിഭാഗം, കാനഡയിലേക്ക് കുടിയേറാൻ ലക്ഷ്യമിട്ട് ഫ്രഞ്ച് സംസാരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നൽകിയ പോയിന്റുകളിൽ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ക്യൂബെക്കിന് പുറത്തുള്ള ഫ്രഞ്ച് കുടിയേറ്റം 2023-ഓടെ 4.4% ആയി വർദ്ധിപ്പിക്കുക എന്ന കാനഡയുടെ ലക്ഷ്യത്തിന് ഉത്തേജനം നൽകുന്നതിനാണ് ഈ പുതിയ നീക്കം.

About The Author

error: Content is protected !!