November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

പ്രൊജക്റ്റ് മൊണാർക്ക്: കാനഡയിൽ 22 പേർ അറസ്റ്റിൽ, 1.3 മില്യൺ ഡോളർ മൂല്യമുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

യോർക്ക് റീജിയണൽ പോലീസും കാനഡ ഇന്റലിജൻസ് സർവീസസും കഴിഞ്ഞ പത്തുമാസം സംയുക്തമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കടത്ത്, വിൽപ്പന നടത്തുന്ന 22 പേരെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. ഒന്റാറിയോയിലുടനീളം വ്യാപിച്ചുകിടക്കുന്ന വൻതോതിലുള്ള തോക്ക്, മയക്കുമരുന്ന് കടത്ത് ശൃംഖല തകർക്കാൻ സംയുക്ത പരിശോധനയിൽ സാധിച്ചതായി പോലീസ് അറിയിച്ചു.

2021 ഒക്ടോബറിൽ, മയക്ക് മരുന്ന് കടത്തുന്ന വ്യക്തികളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കവെ, ബ്രാംപ്ടണിൽ നിന്നും ലണ്ടനിൽ നിന്നുമുള്ള നിരവധി പ്രതികൾ കൊക്കെയ്ൻ, ഫെന്റനൈൽ, തോക്കുകൾ എന്നിവയുടെ വിതരണത്തിൽ ഉൾപ്പെട്ടതായി തിരിച്ചറിഞ്ഞു. നിയന്ത്രിത പദാർത്ഥങ്ങളുടെയും തോക്കുകളുടെയും കടത്ത് കണ്ടെത്തിയവരെ അന്വേഷിക്കാനും ലക്ഷ്യമിടാനും പ്രോജക്ട് മൊണാർക്ക് എന്ന് വിളിക്കപ്പെടുന്ന ഒരു സംയുക്ത-സേനാ ഓപ്പറേഷൻ (ജെഎഫ്ഒ) പോലീസ് രൂപീകരിച്ചു.

സംയുക്ത-സേനാ ഓപ്പറേഷൻ ആരംഭിച്ചപ്പോൾ തന്നെ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് കാനഡയിലേക്ക് അനധികൃതമായി തോക്കുകൾ ഇറക്കുമതി ചെയ്തതായി ആരോപിക്കപ്പെടുന്ന പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ഒന്റാറിയോയുടെയും മിഷിഗനിലെ പോർട്ട് ഹുറോണിന്റെയും അതിർത്തിയിലുള്ള വാൾപോൾ ഐലൻഡ് ഫസ്റ്റ് നേഷൻ വഴിയാണ് അനധികൃത തോക്കുകളിൽ ചിലത് കൊണ്ടുവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

ബ്രാംപ്ടൺ, ടൊറന്റോ, ലണ്ടൻ എന്നിവിടങ്ങളിലെ 22 വസതികളിലും രണ്ട് ബിസിനസ് സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. 10 മാസത്തെ അന്വേഷണത്തിൽ 22 പേരെ അറസ്റ്റ് ചെയ്യുകയും 400 ലധികം കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.

27 കൈത്തോക്കുകൾ, 17 നിരോധിത മാഗസിനുകൾ, 300-ലധികം വെടിയുണ്ടകൾ, ഒമ്പത് കിലോഗ്രാം കൊക്കെയ്ൻ, 1.5 കിലോഗ്രാം ഫെന്റനൈൽ, 20,146 നിരോധിത ഗുളികകൾ, 28 ഗ്രാം ഹെറോയിൻ, 41.5 പൗണ്ട് കഞ്ചാവ് എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ മൊത്തം മൂല്യം ഏകദേശം 1.3 മില്യൺ ഡോളറിലധികം വരും. 155,242 കനേഡിയൻ ഡോളറും, 9,000 അമേരിക്കൻ ഡോളറും, അഞ്ച് വാഹനങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനെകുറിച്ച് വിവരങ്ങൾ അറിയുന്നവർ യോർക്ക് റീജിയണൽ പോലീസിലോ, ഡ്രഗ് എൻഫോഴ്സ്മെന്റ് യൂണിറ്റ് 1-866-876-5423 എന്ന നമ്പറിലോ ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിച്ചു.

About The Author

error: Content is protected !!