November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

താൽക്കാലിക വേതന വർദ്ധനവ് ഓഗസ്റ്റ് വരെ നീട്ടി : പ്രതീക്ഷയിൽ പേഴ്സണൽ സപ്പോർട്ട് വർക്കേഴ്സ്

ഒന്റാറിയോ : ഒന്റാറിയോയിലെ പേഴ്സണൽ സപ്പോർട്ട് വർക്കേഴ്സിന് നൽകിയിരുന്ന താൽക്കാലിക വേതന വർദ്ധനവ് ഓഗസ്റ്റ് പകുതി വരെ നീട്ടി. കമ്മ്യൂണിറ്റി കെയർ, ലോംഗ് ടേം കെയർ ഹോമുകൾ, പബ്ലിക് ഹോസ്പിറ്റലുകൾ, കുട്ടികൾക്ക് സേവനം നൽകുന്നവർ എന്നിവയിലെ 158,000-ത്തിലധികം പേഴ്സണൽ സപ്പോർട്ട് വർക്കർമാർക്ക് താൽക്കാലിക വേതന വർദ്ധനവ് ലഭിക്കുമെന്ന് 2020 ഒക്ടോബറിൽ ഒന്റാറിയോ പ്രഖ്യാപിച്ചിരുന്നു. അധിക ധനസഹായം യഥാർത്ഥത്തിൽ മാർച്ചിൽ കാലഹരണപ്പെടാനിരിക്കെയാണ് ഓഗസ്റ്റ് പകുതി വരെ നീട്ടി നൽകിയത്.

വെള്ളിയാഴ്ച രാവിലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, താൽ‌ക്കാലിക $2 അല്ലെങ്കിൽ 3 ഡോളർ വർദ്ധനവ് ഓഗസ്റ്റ് 23 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ്-19 സമയത്ത് ഉയർന്ന തലത്തിലുള്ള പരിചരണം നൽകുന്നതിന് ആവശ്യമായ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനും ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കുന്നതിനും വേണ്ടിയാണിതെന്നു വാർത്താകുറിപ്പിൽ പറഞ്ഞു.

വ്യക്തിഗത സഹായ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുന്നതിനായി 141 മില്യൺ ഡോളർ നിക്ഷേപം സർക്കാർ നടത്തുകയാണെന്ന് ആരോഗ്യമന്ത്രി ക്രിസ്റ്റിൻ എലിയട്ട് പ്രസ്താവനയിൽ പറഞ്ഞു. മികച്ച പരിചരണം എല്ലാ മേഖലയിലും ഉറപ്പുവരുത്തകയാണ് സർക്കാരിന്റെ പ്രധാന അജണ്ട എന്നും ആരോഗ്യമന്ത്രി പറയുകയുണ്ടായി.    

വേതന വർദ്ധനവ് അവലോകനം ചെയ്യുന്നതിനുള്ള കമ്മിറ്റി തുടരുമെന്നും ഓഗസ്റ്റ് 23 ന് ശേഷം എന്ത് തീരുമാനം കൈകൊള്ളണമെന്നുള്ള നിർദ്ദേശങ്ങൾ ഈ കമ്മിറ്റി സർക്കാരിന് നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു. താൽക്കാലിക ശമ്പള വർദ്ധനവ് സർക്കാരിന് ബാധ്യത ആണെങ്കിലും അത് എല്ലാ മേഖലയിലും ഗുണകരമാണെന്നാണ് സർക്കാർ വിലയിരുത്തൽ.

About The Author

error: Content is protected !!