November 6, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ജീവനക്കാർ പണിമുടക്കിൽ തിങ്കളാഴ്ച ഗോ ബസ് സർവീസ് നടത്തില്ല: മെട്രോലിങ്ക്സ്

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

ആയിരക്കണക്കിന് ഗോ ട്രാൻസിറ്റ് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ബസ് സർവീസ് ഉണ്ടാകില്ലെന്ന് മെട്രോലിങ്ക്‌സ് അറിയിച്ചു. കരാർ കാലഹരണപ്പെട്ട തൊഴിലാളികളെ പുനർനിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് പണിമുടക്കിലേക്ക് നയിച്ചിരിക്കുന്നത്. കരാർ കാലഹരണപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പ് ട്രാൻസിറ്റ് ഏജൻസിയും യൂണിയനും കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും, ഒരു പുതിയ കരാർ ഉണ്ടാക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു.

2,200 സ്റ്റേഷൻ അറ്റൻഡന്റുകൾ, ബസ് ഓപ്പറേറ്റർമാർ, മെയിന്റനൻസ് തൊഴിലാളികൾ, ട്രാൻസിറ്റ് സേഫ്റ്റി ഓഫീസർമാർ, ഓഫീസ് ജീവനക്കാർ എന്നിവരെ പ്രതിനിധീകരിക്കുന്ന അമാൽഗമേറ്റഡ് ട്രാൻസിറ്റ് യൂണിയൻ (ATU) ലോക്കൽ 1587, മെട്രോലിങ്ക്‌സുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയും പരാജയപ്പെടുകയായിരുന്നു.

യൂണിയന്റെ 81 ശതമാനം അംഗങ്ങളും മെട്രോലിൻക്‌സിന്റെ പുതിയ നിർദ്ദേശത്തിനെതിരെ വോട്ട് ചെയ്യുകയും പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സമരം ഒഴിവാക്കാനാകുമെന്ന് തനിക്ക് ഇപ്പോഴും ശുഭാപ്തിവിശ്വാസമുണ്ടെന്ന് അമാൽഗമേറ്റഡ് ട്രാൻസിറ്റ് യൂണിയൻ പ്രസിഡന്റ് റോബ് കോർമിയർ പറഞ്ഞു.

പണിമുടക്ക് തുടരുകയാണെങ്കിൽ തിങ്കളാഴ്ച ഗോ ബസ് സർവീസ് ഉണ്ടാകില്ലെങ്കിലും ഗോ ട്രെയിനുകൾ ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കും. ഗോ ഉപഭോക്താക്കളിൽ 15 ശതമാനം പേരും ബസുകൾ ഉപയോഗിക്കുന്നുണ്ടെന്ന് മെട്രോലിങ്ക്‌സ് വക്താവ് ആൻ മേരി ഐക്കിൻസ് പറഞ്ഞു.

തൊഴിൽ സുരക്ഷയും പുറത്തുനിന്നുള്ള കമ്പനികളിൽ നിന്ന് കരാർ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഉടൻ പരിഹാരം കാണണമെന്ന് അറിയിച്ച് യൂണിയൻ ട്രാൻസിറ്റ് ഏജൻസിക്ക് കത്ത് നൽകിയിരുന്നു. ഇതിലും തീരുമാനം ഉണ്ടായില്ല. ട്രാൻസിറ്റ് ജീവനക്കാർ ആദ്യം ഒക്ടോബർ 31-ന് പണിമുടക്ക് നടത്താൻ പദ്ധതിയിട്ടിരുന്നു, എന്നാൽ തുടർചർച്ചക്കായി സമരം നീട്ടി വെക്കുകയായിരുന്നു.

About The Author

error: Content is protected !!