November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളല്‍ ! കൂടുതല്‍ നടപടിയുമായി കാനഡ ! INDIA CANADA LATEST NEWS

അവകാശങ്ങൾക്കായി പോരാടുന്ന ഇന്ത്യൻ കർഷകർക്ക് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ പിന്തുണ അറിയിച്ചു. ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമാണെന്നും സമാധാനപരമായ പ്രക്ഷോഭത്തിന്‌ എന്നും തങ്ങളുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ ട്രൂഡോയുടെ ഈ പരാമർശത്തിനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുകയാണ്. ഇന്ത്യയിൽ പുതിയതായി നടപ്പിലാക്കിയ മൂന്ന് കർഷക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരത്തെ അനുകൂലിച്ച് നിരവധി രാജ്യങ്ങളിലെ പ്രതിനിധികൾ രംഗത്തെത്തിയിരുന്നു. അതേസമയം ഇന്ത്യൻ കർഷക സമരത്തോടുള്ള പ്രതികരണം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യമായ ഇടപെടലാണെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. കർഷക സമരത്തെകുറിച്ചുള്ള ട്രൂഡോയുടെ പ്രതികരണം ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും നയതന്ത്ര സംഭാഷണങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാതിരിക്കുകയാണ് ഉചിതമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.ഇതിന് പുറമെ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി സര്‍ക്കാര്‍ പ്രതിഷേധമറിയിക്കുകയും ചെയ്തു ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ ഇടിവ് വരുത്തുന്ന സമീപനമാണ് ഇപ്പോൾ ഇന്ത്യ സ്വീകരിച്ചിട്ടിട്ടുള്ളത്.

ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന്‌ തുടർച്ചയായി ട്രൂഡോ പിന്തുണ അറിയിച്ചതോടെ ഇന്ത്യ പ്രതിഷേധ നടപടികൾ കടുപ്പിച്ചു.. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു കാനഡ വിദേശകാര്യ മന്ത്രി ഫ്രാങ്കോസ് ഫിലിപ്പ് വിളിച്ച യോഗം വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ ബഹിഷ്കരിച്ചു. അതേസമയം ഇന്ത്യയിൽ കർഷക നിയമം പിൻവലിക്കാതെ സമരം പിൻവലിക്കില്ലെന്ന നിലപാടാണ് നിലവിൽ കർഷകർ സ്വീകരിച്ചിരിക്കുന്നത്. കോർപ്പറേറ്റുകളെ അനുകൂലിക്കുന്ന തരത്തിലുള്ള നിയമങ്ങൾ വിളകൾക്ക് ന്യായമായ വില നൽകാത്ത അവസ്ഥയിലേക്ക് എത്തിക്കുമെന്നാണ് കർഷകർ പറയുന്നത്. കർഷക നിയമങ്ങൾ നടപ്പിലായാൽ കുറഞ്ഞ വിലക്ക് മാത്രമേ കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കുകയുള്ളു എന്നും അവർ ആശങ്കപ്പെടുന്നു. പഞ്ചാബിലെത്തും മുൻപ് തന്നെ കർഷകർ പോലീസിൽ നിന്ന് ചെറുതല്ലാത്ത പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടതായി വന്നു. ഇന്ത്യയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാനഡയിൽ പലയിടത്തും പ്രതിഷേധ സമരങ്ങൾ നടന്നു. ഇന്ത്യയിലെ കർഷക പ്രതിഷേധത്തെ കുറിച്ച് ആദ്യം പ്രതികരിച്ച ലോകനേതാക്കളിൽ ഒരാളാണ് ജസ്റ്റിൻ ട്രൂഡോ. ഗുരുനാനാക്കിന്റെ ജന്മവാര്ഷികത്തോടനുബന്ധിച്ചു നടന്ന ഓൺലൈൻ മീറ്റിങ്ങിലാണ് അദ്ദേഹം കർഷക സമരത്തോടുള്ള നില്കാപാട് അറിയിച്ചത്. ട്രൂഡോയുടെ പരാമർശങ്ങൾ ഇന്ത്യൻ ഗവൺമെന്റിന് അസ്വസ്ഥതകൾ ഉണ്ടാക്കുമ്പോൾ പ്രകോപനപരമായ നടപടികളാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പഞ്ചാബി സിഖ് വിഭാഗങ്ങൾ വലിയ തോതിൽ കുടിയേറിയിട്ടുള്ള രാജ്യമെന്നനിലയിൽ ഇന്ത്യയിലെ നിലവിലത്തെ സാഹചര്യം കനഡയിലെ ജനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചർച്ച നടത്തി പരിഹാരം കാണുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യൻ അധികൃതരെ വിവിധ രീതിയിൽ ആശങ്ക അറിയിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരുമിച്ചു നിൽക്കേണ്ട സമയമാണിതെന്നും ട്രൂഡോ പറഞ്ഞു. അതേസമയം ഇന്ത്യൻ കർഷക സമരത്തോട് നിഷേധാത്മകമായ സമീപനമാണ് കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ചിട്ടുള്ളത്.

കാനേഡിയൻ നേതാക്കളുടെ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കർഷക സമരത്തോടുള്ള തന്റെ അനുകൂല നിലപാട് ആവർത്തിക്കുകയാണ് ട്രൂഡോ ചെയ്തത്. ലോകമെമ്പാടു നിന്നും ഇന്ത്യൻ കർഷകരെ അനുകൂലിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇന്ത്യയിലെ പുതിയ കാർഷിക പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യൻ കർഷകരെ പിന്തുണച്ച് നൂറുകണക്കിന് ഇന്ത്യൻ-അമേരിക്കക്കാർ യുഎസിലുടനീളം നിരവധി നഗരങ്ങളിൽ സമാധാനപരമായ പ്രതിഷേധ റാലികൾ നടത്തി.യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി നേതാക്കളും കർഷകരെ അനുകൂലിച്ചുകൊണ്ട് പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ചരിത്രപരമായ തീരുമാനങ്ങൾ എന്ന പേരിൽ ഇന്ത്യ നടപ്പിലാക്കിയ പല തീരുമാനങ്ങളും പൊതുജനത്തിന് സമീപകാലത്ത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയുണ്ടായി. ഡെമോണിറ്റൈസേഷൻ , ജിഎസ്ടി, ലോക്ഡൗൺ തുടങ്ങിയ തീരുമാനങ്ങൾ പോലെ കർഷക നിയമങ്ങളും കർഷകർക്ക് അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്നതിനാലാണ് കർഷകർ സമരത്തിനായി മുന്നിട്ടിറങ്ങിയത്. ഇന്ത്യൻ കർഷകരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന തരത്തിലുള്ള നിയമങ്ങൾ പിൻവലിക്കണമെന്നാണ് ലോകമെമ്പാടുമുള്ള സമരാനുകൂലികളുടെ ആവശ്യം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ അധികാരികൾ തടയരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഐക്യ രാഷ്ട്ര സഭയും രംഗത്തെത്തിയിരുന്നു. കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

About The Author

error: Content is protected !!