November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ ഗ്യാസ് വില റെക്കോർഡിലെത്തി; ജനങ്ങൾക്ക് കൈത്താങ്ങായി ഗവന്മെന്റ് പ്രഖ്യാപിച്ച 110 ഡോളർ റിബേറ്റ് ഈ മാസം മുതൽ ലഭ്യമാകും

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിലുടനീളം ഗ്യാസ് വില റെക്കോർഡിലെത്തി. പല നഗര കേന്ദ്രങ്ങളിലും വില നാല് മുതൽ ആറ് സെന്റ് വരെ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. ടൊറന്റോ, മോൺ‌ട്രിയൽ, വാൻ‌കൂവർ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ പ്രത്യേകിച്ചും റെക്കോർഡ് ഭേദിച്ച വില രേഖപ്പെടുത്തി. ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (ജിടിഎ) ഒറ്റരാത്രികൊണ്ട് നാല് സെൻറ് വർദ്ധനയോടെ, ശരാശരി വില 1.94 ഡോളറായി ഉയർന്നു. നിലവിൽ മെട്രോ വാൻകൂവറിലാണ് കാനഡയിലെ ഏറ്റവും ഉയർന്ന ഗ്യാസ് വിലയുള്ളതെന്നാണ് റിപ്പോർട്ടുകൾ. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം ഗ്യാസിന്റെ ശരാശരി വില ലിറ്ററിന് 1.31 ഡോളർ ആയിരുന്നു ഇപ്പോൾ അത് 50 ശതമാനം വർധനവാണ് നേരിട്ടത്. എണ്ണവിലയിലുണ്ടായ ഈ വർദ്ധനവ് വിലക്കയറ്റത്തിന് കാരണമാകാമെന്ന് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജിയുടെ പ്രസിഡന്റ് ഡാൻ മക്‌ടീഗ് പറഞ്ഞു.

ഉക്രെയ്നിലെ റഷ്യൻ അധിനിവേശം കനേഡിയൻ വിപണിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. കൂടാതെ നിലവിലുള്ള വിതരണ പ്രശ്നങ്ങൾ, ഏപ്രിൽ മുതലുള്ള കാർബൺ നികുതി വർദ്ധനവ് എന്നിവയെല്ലാമാണ് ഗ്യാസ് വില കുതിച്ചുയരാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മേയിൽ കാനഡയിലെ ശരാശരി ഗ്യാസിന്റെ വില 1.31 ഡോളറായിരുന്നു. ഗ്യാസിന്റെ വില വർധിപ്പിക്കുന്നതിന് നിരവധി ഘടകങ്ങളുണ്ടെങ്കിലും, ഉക്രെയ്നിലെ റഷ്യൻ അധിനിവേശം അതിന് ആക്കം കൂട്ടി.

ഗ്യാസ് വില വർദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം ആഗോളതലത്തിൽ ഡീസൽ ക്ഷാമമാണ്. കാനഡയിലെ മിക്ക ഭാഗങ്ങളിലും ഡീസൽ വില 2 ഡോളറിന് മുകളിലാണ്. സെന്റ് ജോൺസിൽ ഡീസൽ വില 2.73 ഡോളറായി. ഡീസൽ വിലവർദ്ധനവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ചരക്ക് ഗതാഗതത്തെയാണ്. ഇത്‌ വിപണിയിൽ ഭക്ഷ്യ സാധനങ്ങളുടെ വില വർദ്ധനവിനും കാരണമാകും.

ഊബർ, ടാക്സി ഡ്രൈവർമാരും ഈ വിലവർദ്ധനവിന്റെ ആഘാതം അനുഭവിക്കുന്നു. മാർച്ചിൽ, ഉബർ കാനഡ ഒരു യാത്രയ്‌ക്ക് 0.50 ഡോളർ എന്ന ഇന്ധന സർചാർജ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം പണപ്പെരുപ്പം 31 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.7 ശതമാനത്തിലെത്തി, കനേഡിയൻ ജനതയുടെ ബജറ്റ് ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു വഴിയാണ് ഗ്യാസ് വിലയിലെ വർദ്ധനവ്. അടുത്ത രണ്ട് മാസത്തേക്ക് വില ശക്തമായി തന്നെ തുടരുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. റെക്കോർഡ് വിലയിലേക്ക് കുതിച്ചുയരുന്ന ഗ്യാസ് വിലയിൽ കാനേഡിയൻ ജനങ്ങൾക്ക് ആശ്വാസം നൽകുന്നത് ഗവന്മെന്റ് പ്രഖ്യാപിച്ച 110 ഡോളർ റിബേറ്റ് ഈ മാസം മുതൽ ലഭ്യമായി തുടങ്ങും എന്നതിനാലാണ്.

About The Author

error: Content is protected !!