November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ കൈത്തോക്ക് വിൽപ്പന നിരോധിക്കുന്നതിനുള്ള നിയമം അവതരിപ്പിച്ച് ട്രൂഡോ സർക്കാർ

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിൽ ഹാൻഡ് ഗണ്ണിന് നിരോധനമേർപ്പെടുത്താനൊരുങ്ങി ജസ്റ്റിൻ ട്രൂഡോ സർക്കാർ. കൊലപാതകങ്ങളുടെ വർദ്ധനവ് തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് കൈത്തോക്ക് വിൽപ്പന ദേശീയ തലത്തിൽ മരവിപ്പിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തോക്ക് കൊണ്ടുള്ള അക്രമം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നടപടികൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിനകം കൈത്തോക്കുകൾ കൈവശമുള്ള കനേഡിയൻമാർക്ക് അവ സൂക്ഷിക്കാൻ അനുവദിക്കും.

ടെക്‌സാസിലെ ഉവാൾഡെയിലെ പ്രാഥമിക വിദ്യാലയത്തിലുണ്ടായ വെടിവയ്പിൽ 19 കുട്ടികൾ കൊല്ലപ്പെട്ടതിന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ട്രൂഡോയുടെ പ്രഖ്യാപനം വരുന്നതെന്നതും ശ്രദ്ധേയമാണ്. കാനഡയിൽ കൈത്തോക്കുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും നിർദ്ദിഷ്ട നിരോധനം ബാധകമായിരിക്കും.

സൂപ്പർമാർക്കറ്റിലോ സ്‌കൂളിലോ ആരാധനാലയത്തിലോ ഭയമില്ലാതെ പോകാൻ ആളുകൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കണം. വഴിതെറ്റിയ ബുള്ളറ്റിൽ നിന്ന് എന്ത് സംഭവിക്കുമെന്ന് ആകുലപ്പെടാതെ ആളുകൾക്ക് പാർക്കിലേക്കോ ജന്മദിന പാർട്ടിക്കോ പോകാൻ സ്വാതന്ത്ര്യമുണ്ടാകണമെന്ന് ട്രൂഡോ പറഞ്ഞു.

കാനഡയിൽ 2020-ൽ 743 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് – 1991-ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. ആക്രമണ രീതിയിലുള്ള തോക്കുകൾ നിരോധിക്കുന്നതിന് 2020-ലെ നിയമം കാനഡ ആരംഭിച്ചിരുന്നു. കാനഡയിൽ രജിസ്റ്റർ ചെയ്ത കൈത്തോക്കുകളുടെ എണ്ണം 2010 മുതൽ 2020 വരെ 71% വർദ്ധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

About The Author

error: Content is protected !!