November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് കാനഡ

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

62 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരായി സാമ്പത്തിക ഉപരോധവും എല്ലാ കയറ്റുമതി പെർമിറ്റുകളും നിർത്തലാക്കുന്നതും ഉൾപ്പെടെ റഷ്യയ്‌ക്കെതിരെ കാനഡയുടെ രണ്ടാമത്തെ ഉപരോധം പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. കൂടാതെ യുക്രെയിന് സൈബര്‍ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇന്റലിജന്‍സ് ഷെയറിംഗ്, സൈബര്‍ സുരക്ഷ, സൈബര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സൈബര്‍ പിന്തുണയില്‍ ഉള്‍പ്പെടുന്നതെന്നാണ് പ്രാഥമിക വിവരം.

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് റഷ്യയുടെ തീരുമാനം. നിലവിൽ ബ്രിട്ടീഷ് വിമാനങ്ങൾ ഉൾപ്പെടെ റഷ്യയിൽ വിലക്കുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. യുഎസ്, കാനഡ അടക്കമുളള രാജ്യങ്ങൾക്ക് മേൽ റഷ്യ കൂടുതൽ ഉപരോധ നടപടികൾ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി സംസാരിച്ചതായും ട്രൂഡോ പറഞ്ഞു. പ്രഖ്യാപിത ഉപരോധം റഷ്യൻ എലൈറ്റ് അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും കൂടാതെ അർദ്ധസൈനിക സംഘടനയായ വാഗ്നർ ഗ്രൂപ്പിനെയും പ്രധാന റഷ്യൻ ബാങ്കുകളെയും ലക്ഷ്യമിടുന്നു. പ്രതിരോധ മന്ത്രി, ധനമന്ത്രി, നീതിന്യായ മന്ത്രി എന്നിവരുൾപ്പെടെ റഷ്യൻ സെക്യൂരിറ്റി കൗൺസിലിലെ അംഗങ്ങളെയും കാനഡയുടെ ഉപരോധം ബാധിക്കും. റഷ്യയ്ക്ക് ഇനി പുതിയ കയറ്റുമതി പെർമിറ്റുകൾ നൽകില്ല എന്നതിന് പുറമേ, നിലവിലുള്ള പെർമിറ്റുകളും സർക്കാർ റദ്ദാക്കും.

ഈ ആഴ്ച ആദ്യം, കാനഡ ഗവൺമെന്റ് റഷ്യയ്‌ക്കെതിരെ “ആദ്യ ഉപരോധം” പ്രഖ്യാപിച്ചിരുന്നു. ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് എന്നിവയുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളിൽ നിന്നും കനേഡിയൻമാരെ നിരോധിക്കുന്നതും നാറ്റോയോടുള്ള കാനഡയുടെ പ്രതിബദ്ധത “ശക്തമാക്കുന്നതിനുള്ള” ഓപ്പറേഷൻ റെഷുറൻസിന്റെ ഭാഗമായി ലാത്വിയയിലേക്കും ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും 460 കനേഡിയൻ സായുധ സേനാ സൈനികരെ വിന്യസിക്കുന്നതിന് അംഗീകാരം നൽകുന്നതും ഈ നടപടികളിൽ ഉൾപ്പെടുന്നു. ഏകദേശം 10 മില്യൺ ഡോളർ സഹായങ്ങളും സർക്കാർ ഉക്രെയ്നിലേക്ക് നല്കിയിട്ടുണ്.

അതേസമയം റഷ്യ യുക്രെയ്നില്‍ വ്യാപകമായ ആക്രമണമാണ് രണ്ടാം ദിവസവും നടത്തുന്നത്. ആക്രമണത്തിൽ ഇതുവരെ 137 യുക്രെയ്‌ൻ സൈനികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. യുക്രെയ്‌ന്റെ 138 ലധികം സൈനിക താവളങ്ങൾ തകർത്തുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് റഷ്യ. എന്നാൽ യുക്രെയ്ൻ സൈന്യം ആയുധം താഴെവച്ചാൽ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ് റോവ് അറിയിച്ചു. യുദ്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്‌ട്ര സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്.

About The Author

error: Content is protected !!