November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഇമിഗ്രേഷൻ ബാക്ക്‌ലോഗ് : കാനഡയിൽ പരിശീലനം ലഭിച്ച ആയിരക്കണക്കിന് ഹെൽത്ത് കെയർ പ്രൊഫഷണലുകൾ പ്രതിസന്ധിയിൽ

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിലെ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് വർധിക്കുന്നത് പരിശീലനം ലഭിച്ച ആയിരക്കണക്കിന് ഹെൽത്ത് കെയർ പ്രൊഫഷണലുകളെ പ്രതിസന്ധിയിലാക്കിയതായി റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ ജീവനക്കാരുടെ ഒരു വലിയ കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ജീവനക്കാരുടെ കുറവും എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിൽ (ഇഡി) കാത്തിരിപ്പ് സമയം കൂടുന്നതും ആരോഗ്യ പരിപാലന പ്രതിസന്ധിക്ക് കാരണമാകുകയാണ്, അടുത്തിടെ രാജ്യത്ത് നിരവധി എമർജൻസി റൂം, തീവ്രപരിചരണ യൂണിറ്റ് അടച്ചുപൂട്ടലുകൾക്ക് വിധേയമായിരുന്നു.

ഒന്റാറിയോയിൽ ഏകദേശം 26,000 നഴ്‌സുമാർ ജോലി ചെയ്യാൻ തയ്യാറായി കാത്തിരിക്കുന്നുണ്ടെന്നും അവരിൽ 14,000 പേർ രജിസ്റ്റർ ചെയ്ത നഴ്‌സുമാരാണെന്നും ഒന്റാറിയോ നഴ്‌സസ് അസോസിയേഷൻ പറഞ്ഞു. ഇവരിൽ ഭൂരിഭാഗം ആളുകളും അവരുടെ അന്താരാഷ്ട്ര യോഗ്യതകൾക്കുള്ള കോളേജിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള ഹെൽത്ത് കെയർ സ്റ്റാഫിംഗ് പ്രതിസന്ധി കണക്കിലെടുത്ത്, ആരോഗ്യ പരിരക്ഷയിൽ പശ്ചാത്തലമുള്ള അപേക്ഷകരുടെ, പ്രത്യേകിച്ച് നഴ്സുമാരുടെ പേരിൽ സമർപ്പിച്ച അപേക്ഷകൾക്ക് സർക്കാർ മുൻഗണന നൽകണമെന്ന് അസോസിയേഷൻ പറഞ്ഞു. ഇമിഗ്രേഷൻ ബാക്ക്ലോഗ് കൂടുന്നത് ഹെൽത്ത് കെയർ പ്രൊഫഷണലുകളെ ബാധിക്കുന്നതായും അസോസിയേഷൻ കുറ്റപ്പെടുത്തി. ഒന്റാറിയോയിൽ നഴ്‌സുമാർ ഉൾപ്പെടെയുള്ള പൊതുമേഖലാ തൊഴിലാളികളുടെ വേതന വർദ്ധന മൂന്ന് വർഷത്തേക്ക് 1% എന്ന തോതിൽ പരിമിതപ്പെടുത്തുന്ന ബിൽ 124 റദ്ദാക്കാനും വിവിധ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

കൊറോണ വൈറസ് കാലത്ത് രണ്ട് വർഷത്തിലേറെയായി മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതും ആളുകൾ ഈ തൊഴിൽ ഉപേക്ഷിക്കാൻ ഇടയാക്കിയെന്ന് നഴ്സിംഗ് ഗ്രൂപ്പുകളും ഹെൽത്ത് കെയർ പ്രൊഫഷണലുകളും ആശുപത്രി എക്സിക്യൂട്ടീവുകളും കുറ്റപ്പെടുത്തിയിരുന്നു. ഹെൽത്ത് കെയർ സ്റ്റാഫിംഗ് പ്രതിസന്ധിയും ഇമ്മിഗ്രേഷൻ ബാക്ക്‌ലോഗും പണപ്പെരുപ്പം വർദ്ധിക്കുന്നതും സർക്കാരിനെ അലട്ടുന്നുണ്ട്.

ജൂലൈ മാസം വരെ കാനഡയിൽ 2.7 ദശലക്ഷത്തിലധികം അപേക്ഷകൾ ബാക്ക്‌ലോഗുണ്ടെന്ന് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. യോഗ്യതയുള്ള അന്തർദ്ദേശീയ ബിരുദധാരികൾക്ക് അവരുടെ ബിരുദാനന്തര വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് (PGWP) 2022 ഓഗസ്റ്റ് 2 മുതൽ അപേക്ഷിക്കുന്നതിനുള്ള പുതിയ നയം സർക്കാർ അവതരിപ്പിച്ചിരുന്നു. പെർമിറ്റുകൾ കാലഹരണപ്പെട്ട അല്ലെങ്കിൽ 2021 സെപ്റ്റംബർ 20 മുതൽ ഡിസംബർ 31, 2022 വരെ കാലഹരണപ്പെടുന്ന അന്തർദ്ദേശീയ ബിരുദധാരികൾക്ക് വർക്ക് പെർമിറ്റുകൾ പുതുക്കാൻ പുതിയ നയം മൂലം സാധിക്കുന്നതാണ്. അന്തർദ്ദേശീയ ബിരുദധാരികളെ അവരുടെ പെർമിറ്റ് നീട്ടിക്കൊണ്ടോ അധിക ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിച്ചുകൊണ്ടോ 18 മാസത്തേക്ക് അധികമായി കാനഡയിൽ ജോലി ചെയ്യാൻ പുതിയ നയം അനുവദിക്കുന്നുണ്ട്. ഈ പൊതു നയത്തിനായുള്ള എല്ലാ വർക്ക് പെർമിറ്റ് അപേക്ഷകളും 2022 ഡിസംബർ 31-നകം ഓൺലൈനായി സമർപ്പിക്കണമെന്ന് ഐആർസിസി അറിയിച്ചിരുന്നു.

About The Author

error: Content is protected !!