November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാൽഗറിയിൽ അതിശക്തമായ കാറ്റും മഴയും; മരങ്ങൾ കടപുഴകി, നാശനഷ്ടം

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

അതി ശക്തമായ മഴയിലും കാറ്റിലും കാൽഗറി മേഖലയിൽ വ്യാപക നാശനഷ്ട്ടം. നിരവധി മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അയ്യായിരത്തിലധികം പേർക്ക് വൈദ്യുതി മുടങ്ങിയതായി എൻമാക്സ് പവർ ട്വീറ്റ് ചെയ്തു. വൈദ്യുതി പുനഃസ്ഥാപിക്കാൻ വേണ്ട നടപടിക്രമങ്ങൾ സ്വീകരിച്ചതായി എൻമാക്സ് അറിയിച്ചു.

കാൽഗറിയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്, കൂടാതെ ഗ്ലെൻമോർ റിസർവോയർ ഉൾപ്പെടെ വെള്ളപ്പൊക്ക സാധ്യതകൾക്കായി സ്വീകരിക്കുന്ന നിരവധി മുൻകരുതൽ നടപടികൾ പ്രാദേശിക ഭരണകൂടം സ്വീകരിച്ചിരുന്നു. കൂടാതെ കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച കാൽഗറിയിൽ ശക്തമായ കാറ്റിനും മഴക്കും മുന്നറിയിപ്പ് നൽകിയിരുന്നു, മണിക്കൂറിൽ 90 കി.മീ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.

“ശക്തമായ കാറ്റിന്റെ ഫലമായി നഗരത്തിലുടനീളം മരങ്ങൾ വീഴുകയും ചില വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകുകയും ചെയ്തതായി,” കാൽഗറി എമർജൻസി മാനേജ്‌മെന്റ് ഏജൻസി ചീഫ് സ്യൂ ഹെൻറി പറഞ്ഞു. ഹിൽഹർസ്‌റ്റിലെ കമ്മ്യൂണിറ്റിയിൽ, മരം വാഹനത്തിന് മുകളിൽ വീഴുകയും യാത്രക്കാരെ സുരക്ഷിതമായി വാഹനത്തിൽ നിന്ന് പുറത്തിറക്കാനും കഴിഞ്ഞതായി പ്രാദേശികവാസികൾ പറഞ്ഞു.

വടക്കുപടിഞ്ഞാറൻ കാൽഗറിയിലെ യൂണിവേഴ്സിറ്റി ഡിസ്ട്രിക്റ്റിൽ, യൂണിവേഴ്സിറ്റി അവന്യൂ എൻ.ഡബ്ല്യു.വിൽ നിർമ്മാണത്തിലിരിക്കുന്ന 15 നിലകളുള്ള ഹോട്ടലിന് ചുറ്റുമുള്ള നിരവധി റോഡുകൾ പോലീസ് അടച്ചു. മരക്കൊമ്പുകൾ വീണതിനാൽ മെമ്മോറിയൽ പാർക്ക് ലൈബ്രറിയുടെ പിൻവശത്തെ പ്രവേശന കവാടം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ലായെന്ന് കാൽഗറി പബ്ലിക് ലൈബ്രറി അറിയിച്ചു.

കാൽഗറി മേഖലയിൽ വൈദ്യുതി തടസം ഉണ്ടാകുകയോ വൈദ്യുതി ലൈനിൽ തീപ്പൊരിയോ മറ്റോ കണ്ടാൽ എൻമാക്സ് വെബ്സൈറ്റിലോ 403-514-6100 എന്ന നമ്പറിലോ, അല്ലെങ്കിൽ 911 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

About The Author

error: Content is protected !!