November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കേരളത്തിൽ നിന്ന് കാനഡയിലേക്ക് മനുഷ്യക്കടത്ത് 13 ശ്രീലങ്കക്കാർ പിടിയിൽ

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കൊല്ലത്തുനിന്ന് കടൽവഴി മത്സ്യബന്ധന ബോട്ടിൽ കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച 13 ശ്രീലങ്കൻ സ്വദേശികൾ പിടിയിലായി. എട്ടുപുരുഷന്മാരും നാലുസ്ത്രീകളും ഒരുകുട്ടിയുമാണ് പിടിയിലായത്. ഇതിൽ നാലുപേർ കഴിഞ്ഞയാഴ്ച ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ശ്രീലങ്കൻ പൗരന്മാരും മറ്റുള്ളവർ തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാമ്പിൽനിന്നുള്ളവരുമാണ്.

കഴിഞ്ഞയാഴ്ച ടൂറിസ്റ്റ് വിസയിൽ തമിഴ്‌നാട്ടിലെത്തിയ രണ്ട് ശ്രീലങ്കൻ പൗരന്മാരെ കാണാതായതായി ക്യൂ ബ്രാഞ്ച് (സിഐഡി വിഭാഗം) സ്ഥിതീകരിക്കുകയും തുടർന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം കൊല്ലം പോലീസിനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസങ്ങളിൽ കൊല്ലം തീരത്ത് പോലീസ് വ്യാപകപരിശോധന നടത്തിയിരുന്നു. തിരച്ചിലിൽ തമിഴ്‌നാട്ടിൽ നിന്ന് കാണാതായ രണ്ട് പേർ ഉൾപ്പെടെ 13 പേരെ പോലീസ് പിടികൂടി.

ഒമ്പത് പേർ അഭയാർഥികളായി ഇന്ത്യയിലെത്തി തെക്കൻ തമിഴ്‌നാട്ടിലെ രാമനാഥപുരത്തുള്ള ഒരു പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്നവരാണെന്ന് പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ തെക്കൻ തീരത്ത് നിന്ന് മത്സ്യബന്ധന ബോട്ടിൽ കാനഡയിലേക്കുള്ള യാത്ര ഉറപ്പാക്കാൻ കൊളംബോയിലെ ലക്ഷ്മണൻ എന്ന ഏജന്റിന് 2.5 ലക്ഷം രൂപ വീതം നൽകിയതായി ചോദ്യം ചെയ്യലിൽ അവർ പോലീസിനോട് പറഞ്ഞു. കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്താമെന്നു പറഞ്ഞാണ് തങ്ങളെ കൊല്ലത്ത് എത്തിച്ചതെന്ന് പിടിയിലായവർ പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച ബോട്ട് കൊല്ലത്തുനിന്ന് പുറപ്പെടുമെന്നായിരുന്നു ഏജന്റ് അറിയിച്ചിരുന്നത്. 45 ദിവസത്തിനുള്ളിൽ ബോട്ട് കാനഡയിൽ എത്തുമെന്നാണ് അഭയാർഥികളെ ഇവർ വിശ്വസിപ്പിച്ചിരുന്നത്.

മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റ് കൊളംബോ സ്വദേശി ലക്ഷ്മണനാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൊല്ലത്ത് പിടിയിലായ രണ്ടുപേരും ലക്ഷ്മണന്റെ സഹായികളാണെന്നും പിടികൂടിയവരെ വിവിധ സംഘങ്ങളായിത്തിരിഞ്ഞ് പോലീസ് ചോദ്യംചെയ്തു വരികയാണെന്ന് കൊല്ലം പോലീസ് കമ്മീഷണർ മെറിൻ ജോസഫ് പറഞ്ഞു.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തമിഴ്‌നാട് തീരത്ത് ജാഗ്രതാ നിർദേശം നൽകിയതിന് ശേഷമാണ് ഇവർ കേരള തീരത്തേക്ക് നീങ്ങിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ജൂലൈയിൽ, ശ്രീലങ്കൻ നാവികസേന 64 പേരെ അറസ്റ്റ് ചെയ്തിരുന്നു, കൂടുതലും തമിഴ് വംശജർ, മത്സ്യബന്ധന ട്രോളറിൽ അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

About The Author

error: Content is protected !!