November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഭാര്യക്ക് വാക്‌സിൻ നൽകിയെന്ന് ആരോപിച്ച് നഴ്സിനെ ആക്രമിച്ചു പ്രതി ഒളിവിൽ

ഭാര്യക്ക് തന്റെ അനുവാദമില്ലാതെ കോവിഡ് -19 വാക്സിൻ ഡോസ് നൽകിയെന്ന് ആരോപിച്ച് നഴ്സിനെ ആക്രമിച്ചതായി പരാതി. ഷേർബ്രൂക്കിലെ പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ, 12-ാമത്തെ അവന്യൂ നോർത്തിനു സമീപം സ്ഥിതിചെയ്യുന്ന ബ്രൂണറ്റ് ഫാർമസിയിലാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ ഉടൻതന്നെ പ്രതി സംഭവസ്ഥലം വിടുകയും ചെയ്തു.

തന്റെ സമ്മതമില്ലാതെ ഭാര്യക്ക് വാക്‌സിൻ കുത്തിവയ്പ്പ് നൽകിയെന്ന് ആരോപിക്കുകയും, തുടർന്ന് പ്രതി നഴ്സിന്റെ മുഖത്ത് നിരവധി തവണ അടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന്, ഷെർബ്രൂക്ക് പോലീസ് വക്താവ് മാർട്ടിൻ കാരിയർ പറഞ്ഞു. സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നേഴ്സ് സുഖം പ്രാപിച്ചതായും പോലീസ് വാർത്താകുറിപ്പിൽ അറിയിച്ചു.

പോലീസ് പറയുന്നതനുസരിച്ച്, പ്രതിക്ക് 30 നും 45 നും ഇടയിൽ പ്രായമുണ്ട്, ആറടി ഉയരമുണ്ട്. അദ്ദേഹത്തിന് ചെറിയ ഇരുണ്ട മുടിയും ഇരുണ്ട കണ്ണുകളും വലിയ പുരികങ്ങളും ഉണ്ട്. സംഭവസമയത്ത് അയാൾ ഇരുണ്ട ഷർട്ടും ജീൻസും ധരിച്ചിരുന്നു. കൈയിൽ കുരിശിനോട് സാമ്യമുള്ള പച്ചകുത്തലും ഉണ്ടായിരുന്നു. പ്രതിയുടെ ഫോട്ടോയോ വീഡിയോയോ പോലീസിന്റെ പക്കലില്ല. ആയതിനാൽ ജനങ്ങളുടെ പൂർണ്ണസഹകരണം പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

സമാനമായ സാഹചര്യങ്ങൾ ഉണ്ടാകാൻ തുടങ്ങിയാൽ വാക്‌സിൻ കുത്തിവെപ്പിൽ ഗണ്യമായ കുറവ് വരുമെന്നും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിൽ ആകുമെന്നും ഫാർമസിസ്റ്റുകളെ പ്രതിനിധീകരിക്കുന്ന അസോസിയേഷൻ പ്രസിഡന്റ് ബെനോയിറ്റ് മോറിൻ പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടികൾ എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

About The Author

error: Content is protected !!