ബ്രാംപ്ടൺ : പീൽ റീജിയണുമായി സഹകരിച്ച്, ഊബർ കാനഡ മുവായിരം സൗജന്യ യാത്ര പാസുകൾ സൗജന്യമായി നൽകുന്നു. പീൽ റീജിയണിന്റെ ഗതാഗത സഹായ പദ്ധതിയുടെ (ടിഎപി) ഭാഗമായിട്ടാണ് ഊബർ കാനഡ ഇതിൽ പങ്കുചേർന്നിരിക്കുന്നത്. ഗതാഗത തടസ്സങ്ങൾ മൂലം കോവിഡ്-19 വാക്‌സിൻ എടുക്കാൻ സാധിക്കാത്ത ആളുകളെ ലക്‌ഷ്യം വെച്ചിട്ടാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് ഗതാഗതം നടത്താൻ കഴിയാത്ത മിസിസ്സാഗ, ബ്രാംപ്ടൺ, കാലിഡൺ നിവാസികൾക്ക് ഊബർ വൗച്ചറുകൾ വിതരണം ചെയ്യുന്നതിനായി പീൽ ഗ്രാസ്-റൂട്ട് കമ്മ്യൂണിറ്റി ഏജൻസികൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
“വാക്‌സിനേഷൻ ക്ലിനിക്കിലേക്ക് എല്ലാ താമസക്കാർക്കും ഗതാഗതം അനുവദിക്കുന്നത് വഴി എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നും അതുപോലെ തന്നെ വാക്സിൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് വാക്സിൻ ലഭിക്കുന്നത് കൂടുതൽ എളുപ്പമാക്കുകയാണിതെന്ന്” പീലിന്റെ മാസ് വാക്സിനേഷൻ പ്രോഗ്രാം കോ-ലീഡ് ബ്രയാൻ ലോൺഡ്രി പറഞ്ഞു. “ഗതാഗതം ഒരിക്കലും പ്രതിരോധ കുത്തിവയ്പ്പിന് തടസ്സമാകരുത്” എന്ന് ഊബർ കാനഡയുടെ ജനറൽ മാനേജർ മാത്യു പ്രൈസ് പറഞ്ഞു.
ടിഎപിയുടെ ഭാഗമായി ട്രാൻഹെൽപ്പും ഇതിൽ പങ്കാളികളായിട്ടുണ്ട്. വാക്സിൻ ലഭിക്കുന്നതിന് ഗതാഗതം ആവശ്യമുള്ള ഏത് പ്രായത്തിലുള്ളവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്. വീടുകളിൽ നിന്ന് വാക്‌സിനേഷൻ സെന്ററിലേക്കും അതുപോലെ തിരിച്ചും യാത്ര സൗജന്യമാണ്. ട്രാൻസ്ഹെൽപ്പ് ട്രിപ്പ് ബുക്ക് ചെയ്യുന്നതിന് താമസക്കാർക്ക് രാവിലെ 8 മുതൽ രാത്രി വരെ 905-791-1015 എന്ന നമ്പറിൽ വിളിക്കാം. വാക്സിനേഷൻ ക്ലിനിക്കിലേക്കുള്ള യാത്രകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്ന രണ്ട് ദിവസം മുമ്പേ ഇത് ബുക്ക് ചെയ്യണം.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു