https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
കാനഡയിൽ വ്യാജ എയർലൈൻ ടിക്കറ്റുകൾ വിൽപ്പന നടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പീൽ റീജിയണൽ പോലീസ് അറിയിച്ചു. 500,000 ഡോളറിന്റെ വിമാന ടിക്കറ്റുകൾ ഇവർ വഞ്ചനാപരമായ രീതിയിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം, വോഗനിൽ നിന്നുള്ള 32 കാരനായ നൈജീരിയൻ വംശജനായ അഡെബോവാലെ അദിയാതുവിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്കെതിരെ 5,000 ഡോളറിലധികം വഞ്ചന നടത്തുക, കുറ്റം ചെയ്യാനുള്ള ഗൂഢാലോചന, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്ത് കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. രണ്ടാമത്തെ പ്രതിയായ ബ്രാംപ്ടണിൽ നിന്നുള്ള 44 കാരിയായ ജിബെമിസോള അക്കിൻരിനാഡെയെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
യുണൈറ്റഡ് കിംഗ്ഡം ആസ്ഥാനമായുള്ള ട്രാവൽ ഏജൻസികളിൽ ഒരു പ്രധാന യൂറോപ്യൻ എയർലൈനിന്റെ ബുക്കിംഗ് പോർട്ടലിൽ ജോലി ചെയ്യുന്നതായി തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ടിക്കറ്റ് വിൽപ്പന നടത്തിയത്. ഉപഭോക്താക്കൾക്ക് സംശയം തോന്നാത്ത രീതിയിൽ സാധുതയുള്ള വിമാന ടിക്കറ്റുകൾ വഞ്ചനാപരമായ രീതിയിൽ വിൽക്കുകയും ഇവർ നേട്ടമുണ്ടാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
250-ലധികം എയർലൈൻ ടിക്കറ്റുകൾ ഇവർ വിൽപ്പന നടത്തിയിട്ടുണ്ട്. ടിക്കറ്റ് വാങ്ങിയവരിൽ ഭൂരിഭാഗവും കാൽഗറിയിൽ നിന്നുള്ള യാത്രികരാണെന്ന് പോലീസ് പറഞ്ഞു. പ്രധാനമായും ആഫ്രിക്കയിലേക്കുള്ള ടിക്കറ്റുകളാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.
പ്രതികളാൽ വഞ്ചിക്കപ്പെട്ടതായി വിശ്വസിക്കുന്നവരോ കേസിനെക്കുറിച്ച് വിവരം ലഭിക്കുന്നവരോ 905-453-2121 എന്ന നമ്പറിൽ അന്വേഷകരെ ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു