November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

വാൻകൂവർ : വ്യാജ ഇമിഗ്രേഷൻ ഏജന്റിന്റെ തട്ടിപ്പ്; നിരവധി അപേക്ഷകർ പ്രതിസന്ധിയിൽ

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

വ്യാജ കുടിയേറ്റ പ്രോഗ്രാമിലൂടെ കാനഡയിൽ സ്ഥിരതാമസം വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം തട്ടിയ ഇമിഗ്രേഷൻ കൺസൾട്ടന്റ്സിയുടെ രജിസ്ട്രേഷൻ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തു. വാൻകൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമിഗ്രേഷൻ കൺസൾട്ടന്റ് ലിസ ലൂസിയന്റെ രജിസ്ട്രേഷനാണ് അനിശ്ചിതകാലത്തേക്ക് കോളേജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടന്റ്സ് സസ്‌പെൻഡ് ചെയ്തത്.

ഇമിഗ്രേഷൻ കൺസൾട്ടന്റ് എന്ന നിലയിലുള്ള ലൂസിയന്റെ ലൈസൻസ് കോളേജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടന്റ്സ് ഒരു ഇടക്കാല ഉത്തരവിൽ സസ്‌പെൻഡ് ചെയ്യുകയും $10,000 പിഴ നൽകുകയും ചെയ്തു. 25 മാസത്തിനുള്ളിൽ മുൻ ഇടപാടുകാർ നൽകിയ 11 പരാതികൾ കോളേജ് പരിശോധിച്ചു വരികയാണെന്ന് കോളേജിന്റെ അച്ചടക്ക സമിതി അധ്യക്ഷ സൂസൻ ഹീക്സ് അറിയിച്ചു. ലൂസിയണിനെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ, ലൂസിയന്റെ ലൈസൻസ് റദ്ദാക്കപ്പെടുകയോ അല്ലെങ്കിൽ ഒരു “ദീർഘകാല” കാലയളവിലേക്കെങ്കിലും സസ്പെൻഡ് ചെയ്യപ്പെടുകയോ ചെയ്യുമെന്ന് ഹീക്സ് പറഞ്ഞു.

ലിസ ലൂസിയന്റെ കമ്പനിയായ കനേഡിയൻ ഗ്ലോബൽ ഇമിഗ്രേഷൻ കൺസൾട്ടിംഗ് സർവീസസ് നിലവിലില്ലാത്ത ഒരു ഇമിഗ്രേഷൻ പ്രോഗ്രാമിലൂടെ കാനഡയിൽ സ്ഥിരതാമസം വാഗ്ദാനം ചെയ്ത് ഡസൻ കണക്കിന് കുടിയേറ്റക്കാരെ വഞ്ചിച്ചതായി കണ്ടെത്തിയിരുന്നു. കബളിപ്പിക്കപ്പെട്ടതായി അവകാശപ്പെടുന്ന മുൻ ക്ലയന്റുകളിൽ നിന്നുള്ള നിരവധി പരാതികളുടെ പശ്ചാത്തലത്തിൽ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ലൂസിയാൻ വ്യാജ കുടിയേറ്റ പ്രോഗ്രാമിലൂടെ കുടിയേറ്റക്കാർക്കായി ഇമിഗ്രേഷൻ അപേക്ഷകൾ ഫയൽ ചെയ്യുന്നതിന് പരസ്യം ചെയ്യുകയും ക്ലൈന്റുകളിൽ നിന്ന് അമിത ഫീസ് ഈടാക്കുകയും ചെയ്തിരുന്നു. കാനഡയിൽ താമസിക്കുന്ന വിദേശ പൗരന്മാർക്ക് ഒരു പുതിയ സർക്കാർ പ്രോഗ്രാമിലേക്ക് താൻ മുഖേന അപേക്ഷിക്കാമെന്ന് ലൂസിയൻ അവകാശപ്പെടുന്ന ഗ്രൂപ്പ് ഇൻഫർമേഷൻ സെഷനുകൾ ഹോസ്റ്റ് ചെയ്തതായി നിരവധി അപേക്ഷകർ ആരോപിച്ച രേഖകളും പുറത്തുവന്നിട്ടുണ്ട്. ഉപഭോക്താക്കൾ തന്റെ സേവനങ്ങൾ നിലനിർത്തിയാൽ ഓപ്പൺ വർക്ക് പെർമിറ്റ് അവർ ഉറപ്പുനൽകിയിരുന്നു.

ഒരു ഇമിഗ്രേഷൻ കൺസൾട്ടന്റിന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഗുരുതരമായ ലംഘനങ്ങളിൽ ഒന്നായിരിക്കും ഇതെന്നിരിക്കെ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധിയിൽ ആയിരിക്കുന്നത് ഇവർക്ക് പണം നൽകിയ അപേക്ഷകരാണ്. എന്നാൽ അപേക്ഷകരിൽ ചിലർ ലൂസിയനോട് പരാതിപ്പെടുകയും അവരുടെ ഫീസ് തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു, ലൂസിയൻ അവരെ ഭീഷണിപ്പെടുത്തുകയും അവർക്കെതിരെ അർഹതയില്ലാത്ത സിവിൽ കേസുകൾ ഫയൽ ചെയുകയും ചെയ്തിരുന്നു. കൂടാതെ താൻ ഒരു അഭിഭാഷകയാണെന്ന് പറഞ്ഞ് ലൂസിയൻ സ്വയം തെറ്റിദ്ധരിപ്പിച്ചുവെന്നും അപേക്ഷകർ നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു. പരാതിപ്പെട്ട ഇടപാടുകാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ലൂസിയാൻ നിഷേധിച്ചിട്ടുണ്ട്.

About The Author

error: Content is protected !!