November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

പത്തൊമ്പതാം നൂറ്റാണ്ട് ; തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

മലയാളത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രങ്ങൾക്ക് മറുപേരായി മാറുകയാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. വിസ്‍മയിപ്പിക്കുന്ന മെയ്‍ക്കിംഗ് മികവിൽ പത്തൊൻപതാം നൂറ്റാണ്ടിനെ പുനഃസൃഷ്ടിച്ച് സർഗാത്മകമായി ചിത്രീകരിക്കുന്നതിൽ വിനയൻ കാട്ടിയിരിക്കുന്ന മികവ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അക്ഷരാർഥത്തിൽ വിസ്‍മയിപ്പിക്കുന്ന ഒരു സിനിമാനുഭവവുമായി മാറിയിരിക്കുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’. ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് കാനഡയിൽ ചിത്രം പ്രദർശനത്തിനെത്തിച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന ജാതിവെറിയുടേയും മാറു മറയ്ക്കാൻ അനുവാദം കിട്ടിയിട്ടും അത് അംഗീകരിക്കാൻ മനസ്സിലാത്ത മേൽജാതിക്കാരുടെ പരാക്രമവും നാണംകെട്ട വികാര- വിചാരചിന്തകളുടെ തുറന്ന് പറച്ചിലുമാണ് പത്തൊമ്പതാം നൂറ്റാണ്ട്. പത്തൊൻപതാം നൂറ്റാണ്ടിനെ പുനഃസൃഷ്ടിച്ച് പഴയകാലത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നതിൽ വിനയൻ ചിത്രം വിജയിച്ചു എന്നുവേണം പറയാൻ.

അധികമാരും പ്രശംസിക്കാതെ ചരിത്രത്തിൽ മൂടപ്പെട്ടു കിടന്ന ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന് സാമൂഹ്യ പരിഷ്കർത്താവിന്റെ പോരാട്ടവും ധീരതകളും സർഗാത്മകമായി ചിത്രീകരിക്കുന്നതിൽ വിനയൻ കാട്ടിയിരിക്കുന്ന മികവ് അതുല്യമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ നവോത്ഥാന നായകനായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരായിട്ടാണ് സിജു വിൽസൺ അഭിനയിച്ചിരിക്കുന്നത്. നോട്ടത്തിലും ഭാവത്തിലും രൂപത്തിലുമൊക്ക ചങ്കുറപ്പുള്ള, നേതൃഭാവമുള്ള വേലായുധ പണിക്കരായി നിറഞ്ഞാടിയ നടൻ സിജു വിൽസനും പ്രേക്ഷക പ്രീതി നേടുകയാണ്.

എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം നങ്ങേലിയാണ്. ആയോധനകലകളിൽ പാടവവുമുള്ള നങ്ങേലിയായി എത്തിയത് കയാദു ലോഹർ എന്ന കന്നഡ താരമാണ്. സ്ത്രീകളുടെ നവോധാനത്തിനുവേണ്ടി പരിശ്രമിച്ച് രക്തസാക്ഷിത്വം വരിച്ച നങ്ങേലിയെയാണ് പത്തൊൻപതാം നൂറ്റാണ്ടിൽ കാണുന്നത്. കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദൻ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.  തിരുവിതാംകൂർ മഹാരാജാവായി അനൂപ് മേനോനും ‘കണ്ണൻ കുറുപ്പാ’യി എത്തിയ വിനയ്യും മികച്ച പ്രകടനം കാഴ്ചവച്ചു. സുദേവ് നായർ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, രേണു സുന്ദർ, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ തുടങ്ങിയവരാണ് എടുത്തു പറയേണ്ട പ്രകടനം കാഴ്ചവച്ച മറ്റു കഥാപാത്രങ്ങൾ.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്.

About The Author

error: Content is protected !!