November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഇരുട്ടിൽ തപ്പി ടൊറോന്റോ പോലീസ്; റോസ്‌ഡെയ്‌ൽ മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മൃതദേഹം തിരിച്ചറിയാനാകാതെ പോലീസ്

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ടൊറോന്റോയിലെ റോസ്‌ഡെയ്‌ലിലെ വീടിന് പുറത്തുള്ള മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങൾ ഒരു പെൺകുട്ടിയുടേതാണെന്ന് ടൊറന്റോ പോലീസ് സ്ഥിരീകരിച്ചു. കുട്ടിക്ക് നാലിനും ഏഴിനും ഇടയിൽ പ്രായമുണ്ടെന്നും മരിച്ചിട്ട് ഒരു വർഷത്തോളമായിരിക്കാമെന്നും ഏപ്രിൽ 28 നും മെയ് 2 നും ഇടയിൽ പ്രദേശത്ത് ഉപേക്ഷിച്ചതായി കരുതപ്പെടുന്നതായും ടൊറന്റോ പോലീസ് പറഞ്ഞു.

ആഫ്രിക്കൻ വംശജയായ, മൂന്നടി-ആറിഞ്ച് ഉയരമുള്ള, നേർത്ത ശരീരഘടനയുള്ളതും നാല് പോണിടെയിലുകളായി വിഭജിച്ച കറുത്ത ചുരുണ്ട മുടിയുള്ള പെൺകുട്ടിക്ക് നാലിനും ഏഴിനും ഇടയിൽ പ്രായമുണ്ടെന്നും, പെൺകുട്ടിയെ തിരിച്ചറിയാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാൽ രാജ്യത്തുടനീളം കാണാതായ കുട്ടികളുടെ ഡാറ്റാബേസുകൾ ഉപയോഗിച്ച് പെൺകുട്ടിയെ തിരിച്ചറിയാൻ സാധിക്കുമെന്ന നിഗമനത്തിലാണ് പോലീസ്.

പെൺകുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിനുള്ളിൽ ക്രോഷെറ്റ് ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്, ബുധനാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും മരണകാരണം ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ശ്രമങ്ങൾ തുടരുകയാണെന്നും, പ്രദേശത്തെ സി സി ടി വി വീഡിയോകൾ ശേഖരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാൽ മരണം കൊലപാതകമായി കണക്കാക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

മാലിന്യക്കൂമ്പാരം കണ്ടെത്തിയ കാസിൽ ഫ്രാങ്ക് റോഡിന് സമീപമുള്ള ഡെയ്ൽ അവന്യൂവിലെ വീടിന് പുറത്ത് ആളൊഴിഞ്ഞതും നിർമ്മാണം നടക്കുന്നതുമായ പ്രദേശമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡാഷ്-ക്യാമറ വീഡിയോ ഉൾപ്പെടെ, പ്രദേശത്തെ വിവരങ്ങളോ വീഡിയോ നിരീക്ഷണമോ ഉള്ളവരോ, പെൺകുട്ടിയെ തിരിച്ചറിയുവാൻ സാധിക്കുന്നവരാണെങ്കിൽ 416-808-5300 എന്ന നമ്പറിലോ അല്ലെങ്കിൽ ക്രൈം സ്റ്റോപ്പേഴ്‌സ് എന്ന നമ്പറിൽ 416-222-TIPS (8477) നമ്പറിലോ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

About The Author

error: Content is protected !!