November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡ വിസ തട്ടിപ്പ്: പഞ്ചാബ് സ്വദേശികളായ അഞ്ചംഗ സംഘത്തെ പിടികൂടി കേരള പൊലീസ്

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയാളികളടക്കം നിരവധി ഇന്ത്യക്കാരെ കബളിപ്പിച്ച പഞ്ചാബ് സ്വദേശികളായ അഞ്ച് പേരെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യ-പാക് അതിർത്തിയായ അട്ടാരിയിൽ നിന്നാണ് സൈബർ പോലീസ് അഞ്ചംഗ സംഘത്തെ അതിസാഹസികമായി പിടികൂടിയത്.

പഞ്ചാബിലെ ബഠിംഡാ സ്വദേശികളായ രജനീഷ് (35), ചരൺജീത് കുമാർ (38), ഇന്ദർപ്രീത് സിംഗ് (34), കപിൽ ഗാർഗ് (26) എന്നിവരാണ് അറസ്റ്റിലായത്.
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് വയനാട് മീനങ്ങാടി സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്. പ്രതികളുടെ ബാങ്ക് രേഖകളും മറ്റും പരിശോധിച്ചപ്പോൾ കേരളമടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ആളുകളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു.

വയനാട് മീനങ്ങാടി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം പഞ്ചാബ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യാ-പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് ഇവരെ സാഹസികമായി പിടികൂടിയത്. പട്യാല ആസ്ഥാനമായുള്ള ഒരു വ്യാജ റിക്രൂട്ട്‌മെന്റ് കമ്പനിയുടെ മറവിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കാനഡയിലേക്കുള്ള വിസയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. സോഷ്യൽ മീഡിയ വഴി കാനഡയിലേക്കുള്ള വിസ വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്. ബിഹാറിൽ നിന്നും അസമിൽ നിന്നുമുള്ള ടെലിഫോൺ നമ്പറുകളാണ് തട്ടിപ്പിനായി പ്രതികൾ ഉപയോഗിച്ചത്. പട്യാല കേന്ദ്രീകരിച്ചാണ് ഇവർ ടെലിഫോൺ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞ കേരള സൈബർ പോലീസ് ഇവരെ ഇന്ത്യ-പാക് അതിർത്തിയായ അട്ടാരിയിൽ നിന്ന് പിടികൂടുകയായിരുന്നു. തട്ടിപ്പിലെ മുഖ്യകണ്ണിയായ സ്ത്രീയെ പിടികൂടാനുള്ള ശ്രമം തുടരുന്നതായും പൊലീസ് അറിയിച്ചു.

About The Author

error: Content is protected !!