November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

റഷ്യ – ഉക്രൈൻ സംഘർഷം : വാൻകൂവർ – ഡൽഹി വിമാന സർവീസ് റദ്ദാക്കി എയർ കാനഡ

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ റഷ്യൻ, ഉക്രേനിയൻ വ്യോമാതിർത്തി ഒഴിവാക്കുന്നതിലുള്ള ബുദ്ധിമുട്ട് കാരണം ഈ വേനൽക്കാലത്ത് നിർത്തിവെക്കുന്നതായി എയർ കാനഡ പ്രസ്താവനയിൽ അറിയിച്ചു.

ജൂണ് 2 ന് വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്കും ജൂണ് 4 ന് ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്കും ആരംഭിക്കുന്ന ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവച്ചതായി എയർലൈൻ അറിയിച്ചിരിക്കുന്നത്. റഷ്യൻ, ഉക്രെയ്ൻ വ്യോമാതിർത്തി ഒഴിവാക്കി സഞ്ചരിക്കാൻ അധികമായി എടുക്കന്ന സമയവും ഇന്ധനം നിറയ്ക്കുന്നതിന് അധിക സ്റ്റോപ്പും ആവശ്യമായി വരുന്നതിനാലാണ് സർവീസുകൾ പരിമിതപ്പെടുത്തിയിരിക്കുന്നതെന്ന് എയർലൈൻ പ്രസ്താവനയിൽ പറയുന്നത്. തെക്കൻ ഏഷ്യയിലെ വേനൽക്കാല കാറ്റും കാലാവസ്ഥയും ഈ നിയന്ത്രണങ്ങൾ കൂടുതൽ കാലത്തേക്ക് നീട്ടാൻ കാരണമായേക്കാമെന്നും ചില റിപ്പോർട്ടുകളുണ്ട്.

വാൻകൂവർ-ഡൽഹി വിമാന സർവീസുകൾ സെപ്തംബർ 6-നും തിരിച്ച് ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്കുള്ള വിമാനസർവീസുകൾ സെപ്റ്റംബർ 8-നും പുനരാരംഭിക്കുമെന്ന് എയർ കാനഡ അറിയിച്ചിട്ടുണ്ട്. റദ്ദാക്കൽ കാലയളവിൽ സർവീസുകൾ ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് ഇതര ഫ്ലൈറ്റുകൾ പുന:ക്രമീകരിക്കുകയോ ട്രാവൽ ഏജൻസികളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ ഇതിനോടകം ബുക്ക് ബുക്കുചെയ്തിട്ടുള്ള യാത്രക്കാർ അതാത് കമ്പനിയുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണെന്നും എയർലൈൻ അറിയിച്ചു.

ഡൽഹിക്കും കാനഡയ്ക്കും ഇടയിലുള്ള മറ്റ് എയർ കാനഡ വിമാനങ്ങൾ ഈ സമയത്തും സർവീസുകൾ തുടരുമെന്നും ഡൽഹിയിൽ നിന്ന് ടൊറന്റോയിലേക്കും മോൺ‌ട്രിയലിലേക്കുമുള്ള വിമാന സർവീസുകൾ പരിമിതപ്പെടുത്താതെ വ്യത്യസ്ത ഫ്ലൈറ്റ് പാതകൾ ഉപയോഗിക്കുന്നുണ്ടെന്നും എയർ കാനഡ അറിയിച്ചു.

ആഗോള സാഹചര്യങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും, വ്യവസ്ഥകൾ അനുവദിച്ചാൽ വാൻകൂവർ-ഡൽഹി റൂട്ട് പുനഃസ്ഥാപിച്ചേക്കാമെന്നും എയർ കാനഡ വക്താവ് പ്രതികരിച്ചു. എയർ കാനഡ 2016-ൽ വാൻകൂവറിനും ഡൽഹിക്കും ഇടയിൽ നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിച്ചത്, എന്നാൽ അതിനുശേഷം ഒന്നിലധികം തവണ ഈ റൂട്ട് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെന്നും എയർ കാനഡ വക്താവ് ഓർമിപ്പിച്ചു.

2019 ൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളിലും, കോവിഡ്-19 പാൻഡെമിക്കിന്റെ ഡെൽറ്റ തരംഗത്തിന്റെ സമയത്തും മാസങ്ങളോളം, ഫെഡറൽ ഗവൺമെന്റ് കാനഡയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്. വേനൽക്കാലത്ത് ആഴ്ചയിൽ വാൻകൂവർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന്, ഡൽഹിയിലേക്ക് നേരിട്ട് എട്ട് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളും ശൈത്യകാലത്ത് 10 ഫ്ലൈറ്റുകളും എയർ കാനഡയും, എയർ ഇന്ത്യയും ചേർന്ന് ഓപ്പറേറ്റ് ചെയുന്നുണ്ട്.

About The Author

error: Content is protected !!