https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
കാനഡയിലെ മലയാളി സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം ഇപ്പോൾ പ്രേക്ഷർക്ക് മുന്നിലെത്തിയിരിക്കുകയാണ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന ഫ്രെയിമുകളും പഞ്ച് ഡയലോഗുകളും ആണ് ഭീഷ്മ പർവ്വം ഹൈലൈറ്. കാനഡയിലെ തീയേറ്ററുകളെല്ലാം തന്നെ ഹൗസ്ഫുൾ ഷോകളാൽ നിറഞ്ഞിരിക്കുകയാണ്. ഭീഷ്മപർവ്വം മെഗാ ഫാൻസ് ഷോ ഇരുകൈയും നീട്ടിയാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫേർ അസോസിയേഷൻ ഇന്റർനാഷണൽ കാനഡ സ്വീകരിച്ചത്.
ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽചിറയാണ് കാനഡയിൽ ‘ഭീഷ്മ പർവ്വം’ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ബിഗ് ബി റിലീസ് ചെയ്ത് 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന, ഭീഷ്മ പർവ്വത്തിൽ പ്രേക്ഷകർക്കുണ്ടായിരുന്ന പ്രതീക്ഷ വാനോളമായിരുന്നു. അത് നൂറു ശതമാനവും നിലനിർത്താനായി എന്ന് വേണം പറയാൻ.
ഗ്യാങ്സ്റ്റർ, ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂക്കയുടെ സ്ക്രീൻ പ്രെസെൻസും, പ്രകടനവും മികച്ചുനിൽക്കുന്നു. അതോടൊപ്പം സൗബിൻ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഓരോ കഥാപാത്രത്തിനും മികച്ച സ്ക്രീൻ പ്രെസെൻസും, എൻട്രിയും കൊടുക്കാൻ സംവിധായകൻ അമൽ നീരദിന് സാധിച്ചിട്ടുണ്ട്. നെടുമുടി വേണു, കെപിഎസി ലളിത, നാദിയ മൊയ്തു, ലെന, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, മാല പാർവതി, കോട്ടയം രമേശ് തുടങ്ങി വൻ താരനിരയാണു ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാം ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയെ മനോഹരമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. വിവേക് ഹർഷൻ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്.
ആകെമൊത്തം നോക്കുമ്പോൾ, ഒരു മാസ്സ് സിനിമാക്കപ്പുറം, നല്ല ക്ലാസ്സായ ചിത്രവും കൂടിയാണ് ഭീഷ്മ പർവ്വം. പ്രേക്ഷകനെ ഒരു തരി പോലും മുഷിപ്പിക്കാതെ, പൂർണ്ണ സംതൃപ്തിയോടെ തീയേറ്ററിൽ കാണാൻ കഴിയുന്ന ചിത്രവുംകൂടിയാണിത്.
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ