November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത് 1,859 പുതിയ കേസുകൾ

ഓന്റോറിയോയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ശനിയാഴ്ച മാത്രം 1859 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഓന്റോറിയോയിലെ കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തിലും വർദ്ധനവ് സംഭവിച്ചിട്ടുണ്ട്. 59,400 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം മാത്രം നടത്തിയതി. പ്രതിദിന ടെസ്റ്റുകളിൽ നിരക്കാണ് ഇത്. ഇതോടെ ഓന്റോറിയോയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.1 ശതമാനമായി. ശനിയാഴ്ചത്തെ കണക്കനുസരിച്ച് ഇരുപത്തിനാല് മണിക്കൂറിനിടെ 20 പുതിയ കോവിഡ് മരണങ്ങളാണ് പ്രവിശ്യയിൽ സംഭവിച്ചത്. ഇതോടെ പ്രവിശ്യയിലെ COVID-19 മരണസംഖ്യ 3,757 ആയി ഉയർന്നു. ഇതിൽ 13 പേർ ദീർഘ നാളുകളായി ചികിത്സയിൽ കഴിയുന്നവരാണ്. 106,000 ൽ അധികം ആളുകൾ ഇതിനോടകം തന്നെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അസുഖം വന്നു ഭേദയമായവരും മരിച്ചവറം ഉൾപ്പെടെ 125,385 പേരാണ് ഇതുവരെ ഓന്റോറിയോയിൽ കോവിഡിന് ഇരയായത്. പുതിയ കേസുകളിൽ അധികവും ടൊറന്റോ, പീൽ എന്നീ മേഖലകളിലുള്ളവരാണ്. ടൊറന്റോയിൽ 504 പുതിയ കേസുകളും പീൽ മേഖലയിൽ 463 കേസുകളും റിപ്പോർട്ട് ചെയ്തു. കോവിഡ് കേസുകളിലുണ്ടായ വർദ്ധനവ് പരിഗണിച്ച് ഈ രണ്ടു മേഖലകളും നിലവിൽ ലോക്ഡൗണിലാണ്. അതേസമയം യോർക്ക് റീജിയനിൽ ശനിയാഴ്ച 198 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.തണ്ടർ ബേ, ഒട്ടാവ, ഈസ്റ്റേൺ ഒന്റാറിയോ ഹെൽത്ത് യൂണിറ്റ്, കിംഗ്സ്റ്റൺ, ഫ്രോണ്ടെനാക്, ലെനോക്സ് & ആഡിംഗ്ടൺ പബ്ലിക് ഹെൽത്ത്, ഡർഹാം റീജിയൻ, സിംകോ മസ്‌കോക, മിഡിൽസെക്സ്-ലണ്ടൻ, സൗത്ത് വെസ്റ്റേൺ പബ്ലിക് ഹെൽത്ത് യൂണിറ്റ്, വിൻഡ്‌സർ-എസെക്സ്, ഹാമിൽട്ടൺ, ഹാൽട്ടൺ റീജിയൻ, നയാഗ്ര മേഖല എന്നിവിടങ്ങളിലെല്ലാം ശനിയാഴ്ച പത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ COVID-19 കേസുകളിൽ ഭൂരിഭാഗവും 40 വയസ്സിന് താഴെയുള്ളവരാണ്.
ബ്രിട്ടീഷ് കൊളംബിയയിൽ വെള്ളിയാഴ്ച മാത്രം 711 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 11 പുതിയ കോവിഡ് മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. 9,050 പേർക്കാണ് ഈ മേഖലയിൽ രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ 338 പേർ ആശുപത്രിയിലാണ്. 76 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 492 മരങ്ങളാണ് ഈ പ്രവിശ്യയിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 10,957ഓളം പേർ കോവിഡിന്റെ ലക്ഷണങ്ങൾ ഉള്ളതിനാൽ ക്വാറന്റൈനിലാണ്. വെള്ളിയാഴ്ച പുറത്തിറക്കിയ ഒരു പുതിയ പഠനത്തിൽ, 18മുതൽ 29 വയസ് വരെ പ്രായമുള്ളവരും മുതിർന്നവരുമുള്ള കുടുംബങ്ങളിൽ കോവിഡ് സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതായി പറയുന്നു. 70 വയസ്സിനു മുകളിലുള്ളവർക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ കൂടുതലാകുമ്പോൾ മധ്യവയസ്കരും കുട്ടികളും കടുത്ത സാമ്പത്തിക, മാനസിക, വൈകാരിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട് പറയുന്നു.
2,031 കേസുകളാണ് ശനിയാഴ്ച ക്യുബെക്കിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രവിശ്യയിലെ ഏറ്റവും ഉയർന്ന ഏകദിന കണക്കാണിത്. 48 പുതിയ കോവിഡ് മരണങ്ങളും ഇവിടെ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. പ്രവിശ്യയിലെ ക്രിസ്മസ് ആഘോഷങ്ങളിൽ നിന്നും റെഡ് സോണിലുള്ള പ്രദേശങ്ങളെ ഒഴിവാക്കിയതിന് പിന്നാലെയാണ് കേസുകൾ ഇത്തരത്തിൽ കുതിച്ചുയരുന്നത്. പ്രവിശ്യയിലെ ദൈനംദിന കോവിഡ് ബാധിതരുടെ നിരക്കിൽ 51 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുതിയ കേസുകളിൽ ഏറ്റവും കൂടുതൽ മോൺ‌ട്രിയലാണ്. 24 മണിക്കൂറിനുള്ളിൽ 630 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. ക്യൂബെക്ക് സിറ്റി മേഖലയിൽ 304 കേസുകളും മോണ്ടെറഗിയിൽ 263 കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതോടെ പ്രവിശ്യയിലെ ആകെ കേസുകളുടെ എണ്ണം 149,908 ആയി. 48 മരണങ്ങളിൽ 11 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിലും 27 എണ്ണം നവംബർ 28 നും ഡിസംബർ 3 നും ഇടയിൽ സംഭവിച്ചവയാണ്. എട്ട് മരണങ്ങൾ നവംബർ 28 ന് മുമ്പാണ് സംഭവിച്ചത്, മറ്റ് രണ്ട് മരണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമല്ല. ക്യുബെക്കിലെ ആകെ മരണസംഖ്യ 7,231ആണ്.

About The Author

error: Content is protected !!