November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ട്രക്കർ കോൺവോയ് പ്രതിഷേധത്തെ തുടർന്ന് അംബാസഡർ ബ്രിഡ്ജ് സ്തംഭിച്ചു, വാഹന വ്യവസായം പ്രതിസന്ധിയിൽ

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

ട്രക്കർ കോൺവോയ് പ്രതിഷേധം ലക്ഷ്യമിട്ട് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൊതു ഗതാഗതത്തെയും, ചരക്ക് ഗതാഗതത്തെയും തടസ്സപ്പെടുത്തുന്നവർക്കെതിരെ പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നതായും ഒന്റാറിയോ സർക്കാർ വ്യക്തമാക്കി. വിൻഡ്‌സറിനെ ഡിട്രോയിറ്റുമായി ബന്ധിപ്പിക്കുന്ന അംബാസഡർ പാലം പ്രതിഷേധക്കാർ കൈയേറിയതിനാൽ ചരക്ക് ഗതാഗതം പൂർണമായും സ്തംഭിച്ചു. അംബാസഡർ ബ്രിഡ്ജ് ഏറ്റവും തിരക്കേറിയ യുഎസ്-കനേഡിയൻ ബോർഡർ ക്രോസ്സിങ്ങും, ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ വ്യാപാരത്തിന്റെയും 25% നടക്കുന്നതും ഇതിലൂടെയാണ്.

ട്രാൻസിറ്റ് റൂട്ടുകൾ ക്ലിയർ ചെയ്യാത്ത പ്രതിഷേധക്കാർക്ക് പരമാവധി 100,000 ഡോളർ പിഴയും ഒരു വർഷം വരെ തടവും വാണിജ്യപരവും വ്യക്തിഗതവുമായ ലൈസൻസുകൾ നഷ്ടപ്പെടുമെന്ന് ഒന്റാറിയോയുടെ പ്രീമിയർ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച പ്രവിശ്യാ കാബിനറ്റ് വിളിച്ചുകൂട്ടുമെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു. ഉപരോധങ്ങൾ അവസാനിപ്പിക്കാൻ ആർസിഎംപി കൂടുതൽ ഫോഴ്സിനെ അയയ്ക്കുമെന്ന് കാനഡ പൊതു സുരക്ഷാ മന്ത്രി മാർക്കോ മെൻഡിസിനോ അറിയിച്ചു. മാനിറ്റോബായിലെ എമേഴ്സൺ കമ്മ്യൂണിറ്റിക്ക് സമീപമുള്ള പ്രദേശം ഒഴിവാക്കാൻ ആർസിഎംപി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യു.എസ്-കനേഡിയൻ അതിർത്തിയുടെ ഇരുവശത്തുമുള്ള വാഹന വ്യവസായം പ്രതിഷേധം മൂലമുണ്ടായ പ്രതിസന്ധിയുടെ ഭാഗമായി ഫോർഡ്, ജനറൽ മോട്ടോഴ്‌സ്, ടൊയോട്ട, ഹോണ്ട എന്നിവയുടെ പ്ലാന്റുകൾ അടച്ചു. ചരക്ക് ഗതാഗതം നടക്കാത്തതിനാൽ പാർട്‌സ് ക്ഷാമം രൂക്ഷമാണെന്നും പ്ലാന്റുകൾ അടച്ചുപൂട്ടുകയോ, ഷിഫ്റ്റുകൾ റദ്ദാക്കുകയോ ചെയ്യുകയാണെന്ന് കമ്പനിയുടെ വക്താക്കൾ അറിയിച്ചു. ഒന്റാരിയോയിലുടനീളമുള്ള ആയിരക്കണക്കിന് ഓട്ടോമൊബൈൽ തൊഴിലാളികളെയാണ് പ്രശ്നങ്ങൾ ബാധിച്ചിരിക്കുന്നത്.

ഉപരോധം അവസാനിപ്പിക്കാൻ ഫെഡറൽ അധികാരങ്ങൾ ഉപയോഗിക്കാൻ ട്രൂഡോയുടെ സർക്കാരിനോട് ബൈഡൻ ഭരണകൂടം ആവശ്യപ്പെട്ടു. തർക്കം വേഗത്തിൽ പരിഹരിക്കാൻ മിഷിഗൺ ഗവർണറും കനേഡിയൻ അധികൃതരോട് ആവശ്യപ്പെട്ടു.

ഓൺലൈൻ ധനസമാഹരണ പ്ലാറ്റ്‌ഫോമായ GiveSendGo വഴി സംഭാവന ലഭിച്ച ദശലക്ഷക്കണക്കിന് ഡോളർ കൈമാറ്റം ചെയുന്നത് മരവിപ്പിക്കാൻ കോടതിയിൽ അപേക്ഷിച്ചതായി ഒന്റാറിയോ സർക്കാർ പറഞ്ഞു. GoFundMe വഴി തുടക്കത്തിൽ $10 മില്ല്യണിലധികം സമാഹരിച്ചു, പിന്നീട് കാമ്പെയ്‌നിൽ നിന്ന് പിന്മാറുകയാണെന്നും പണം തിരികെ നൽകുമെന്നും പ്രഖ്യാപിച്ചു ഗോ ഫണ്ട് മീ വക്താക്കൾ വ്യക്തമാക്കി. ഇതിനെ തുടർന്ന് ക്രിസ്ത്യൻ ധനസമാഹരണ സൈറ്റായ ഗീവ് സെൻറ് ഗോ -യിൽ കോൺവോയ് സംഘാടകർ പുതിയ കാമ്പെയ്‌നുകൾ സജ്ജമാക്കിയിട്ടുണ്ട്. “ഫ്രീഡം കോൺവോയ് 2022” 8.4 മില്യൺ യുഎസ് ഡോളറും “അഡോപ്റ്റ്-എ-ട്രക്കർ” 686,000 ഡോളറും സമാഹരിച്ചു. പ്രകടനം സമാധാനപരമായിരിക്കുമെന്ന് ആദ്യം വിശ്വസിച്ചിരുന്നെങ്കിലും അത് ഒരു “അധിനിവേശ”മായി മാറിയെന്ന് പോലീസും പ്രാദേശിക നേതാക്കളും ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്നാണ് കാമ്പെയ്‌നുള്ള പിന്തുണ പിൻവലിച്ചത്.

About The Author

error: Content is protected !!