November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഇന്ത്യൻ വംശജയായ അനിത ആനന്ദിനെ പ്രതിരോധ മന്ത്രിയായി നിയമിച്ച്‌ ട്രൂഡോ

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, അധികാരത്തിൽ തിരിച്ചെത്തി ഒരു മാസത്തിന് ശേഷം നടന്ന മന്ത്രിസഭാ പുനസംഘടനയിൽ ഇന്ത്യൻ വംശജയായ അനിത ആനന്ദിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചു. രാഷ്‌ട്രീയ നേതാവും അഭിഭാഷകയുമായ അനിതയ്‌ക്ക് കനേഡിയൻ മന്ത്രിസഭയുടെ പുനസംഘടനയിൽ ഉന്നത പദ്ധവിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെയാണ് ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭാ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചത്.

മുൻ പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ചിരുന്ന ഇന്ത്യൻ വംശജൻ ഹർജിത് സജ്ജന്റെ പിൻഗാമിയായാണ് അനിതയുടെ നിയമനം. സൈന്യത്തിലെ ലൈംഗികചൂഷണ വിവാദം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെ തുടർന്ന് ഹർജിത്തിന് വൻ വിമർശനങ്ങളാണ് കാനഡയിൽ നേരിടേണ്ടി വന്നത്. പൊതുസേവന സംഭരണ മന്ത്രി എന്ന നിലയിൽ കൊറോണ വാക്‌സിന്റെ കാര്യത്തിൽ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെയ്‌ക്കാൻ അനിതയ്‌ക്ക് സാധിച്ചിരുന്നു.

കനേഡിയൻ സൈന്യത്തിന്റെ സംസ്‌കാരം മാറ്റുന്നതിനും ലൈംഗികചൂഷണ ആരോപണങ്ങൾ തടയുന്നതിനും മികച്ച സംവിധാനങ്ങൾ ഒരുക്കാൻ അനിതയ്‌ക്ക് സാധിക്കുമെന്നാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്. നിലവിൽ സൈന്യം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമൊരുക്കാൻ അനിതയുടെ നിയമനത്തിലൂടെ സാധിക്കുമെന്നാണ് സർക്കാരിന്റെയും പ്രതീക്ഷ.

About The Author

error: Content is protected !!